ഭോപ്പാൽ: കവർച്ച ചോദ്യം ചെയ്‌തതിന് പൊലീസ് കോൺസ്റ്റബിളിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ട് ഗുണ്ടകൾ പിടിയിൽ. മഹേഷ് ലോധി (26), രാഹുൽ ബോസ് (20) എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്‌ച (ജൂലൈ 25) രാത്രി നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനായി തടഞ്ഞപ്പോഴാണ് മര്‍ദനമുണ്ടായത്. മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘാട്ടിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കോൺസ്റ്റബിൾമാരായ വിക്രമും ആകാശും ചേർന്നാണ് പ്രതികളെ ചോദ്യം ചെയ്യാനായി തടഞ്ഞത്. ഇതോടെയാണ് പ്രതികളിലൊരാള്‍ കോൺസ്റ്റബിള്‍ ആകാശിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. പൊലീസും പ്രതികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്.
കോൺസ്റ്റബിൾ അപകടനില തരണം ചെയ്‌തതായി എസ്‌പി പറഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായി എസ്‌പി പറഞ്ഞു. കവർച്ചയടക്കമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പ്രതികളും മുമ്പ് മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. 2017ലും 2020ലും ഇവർ തടവിൽ കഴിഞ്ഞിട്ടുണ്ട്.