ന്യൂഡൽഹി: പാർലമെന്‍റിന്‍റെ നാല് വകുപ്പുകളുമായി ബന്ധപ്പെട്ട സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചേക്കും. സ്‌റ്റാൻഡിങ് കമ്മിറ്റികൾക്ക് അന്തിമരൂപം നൽകാനും അത് ഉടൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധം, ധനകാര്യം തുടങ്ങിയ കമ്മറ്റിയാണ് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നതെങ്കിലും അവർക്ക് വിദേശകാര്യ സമിതി ലഭിച്ചേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലാണ് പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷൻ. ഡിഎംകെയ്ക്ക് ഒരു സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ലഭിച്ചേക്കും. അതേസമയം സമാജ്‌വാദി പാർട്ടി രാജ്യസഭ എംപി രാം ഗോപാൽ യാദവ് വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷനായേക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോൺഗ്രസ് ആറ് കമ്മിറ്റികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലോക്‌സഭയിൽ മൂന്ന് കമ്മിറ്റികളും രാജ്യസഭയിൽ ഒരു കമ്മിറ്റിയുമാകും അവർക്ക് ലഭിക്കുക. ഏത് കമ്മിറ്റിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത് എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
ചില പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത് പോലെ പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റി പ്രഖ്യാപനം വൈകുന്നില്ലെന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു. പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റിയിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ അംഗബലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ രൂപീകരണത്തില്‍ കാലതാമസമുണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ല. 2004 മുതലുള്ള എല്ലാ ലോക്‌സഭകളിലും നോക്കുകയാണെങ്കിൽ, സെപ്‌റ്റംബർ അവസാനമാണ് പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. നടപടിക്രമങ്ങൾ നടക്കുമ്പോൾ, കാലതാമസം വരുത്തുന്നുവെന്ന് ചില എംപിമാർ ആരോപിക്കുന്നത് ശരിയല്ല' - കിരൺ റിജിജു പറഞ്ഞു.
കോൺഗ്രസുമായും മറ്റ് ചില പ്രധാന പാർട്ടികളുമായും ചർച്ച നടത്തിയിരുന്നു. താമസിയാതെ പാർലമെൻ്ററി സ്‌റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലെയും ലോക്‌സഭയിലെയും എല്ലാ അംഗങ്ങളോടും ഇത് ഒരു പ്രശ്‌നമാക്കരുതെന്ന് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെന്നും കിരൺ റിജിജു കൂട്ടിച്ചേര്‍ത്തു.