ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിന് പിന്നാലെ എൻഡിഎയ്‌ക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ഇന്ത്യാ സഖ്യം രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തങ്ങള്‍ മിക്ക എക്‌സിറ്റ് പോളുകളും നിരസിക്കുന്നു. കൃത്രിമം കാണിക്കുന്നതാണ് എക്‌സിറ്റ് പോളുകളെന്നും ഔദ്യോഗിക ഫലം പുറത്തുവരട്ടെയെന്നും മഹാരാഷ്ട്രയുടെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സെക്രട്ടറി ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
'ഞങ്ങൾ എല്ലാ എക്‌സിറ്റ് പോളുകളും നിരസിക്കുന്നു. അവ പലപ്പോഴും കൃത്രിമം കാണിച്ച് ഉണ്ടാക്കുന്നതാണ്. ഔദ്യോഗിക ഫലങ്ങൾ വരെ കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇന്ത്യാ ബ്ലോക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അടിത്തട്ടിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യാ സഖ്യം തന്നെ അധികാരത്തില്‍ വരുമെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെതിരെ മഹാരാഷ്ട്രയിൽ കടുത്ത ഭരണവിരുദ്ധത ഉണ്ടായിരുന്നു,' എന്നും ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്തുടനീളമുള്ള വോട്ടിങ് വിവരങ്ങള്‍ ഇപ്പോഴും ശേഖരിക്കുന്നതിനാൽ താൻ കണക്കുകളിലേക്ക് പോകുന്നില്ല, വിദർഭ, മറാത്ത്വാഡ മേഖലകളിലും മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ ശിവസേന (യുബിടി) മികച്ച പ്രകടനം കാഴ്‌ചവച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. അതേസമയം, മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് വേണ്ടത്.
ജാര്‍ഖണ്ഡിലും ഇന്ത്യാ സഖ്യത്തിന് വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവ്
ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് ജാർഖണ്ഡിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സപ്‌തഗിരി ഉലക ഇടിവി ഭാരതിനോട് പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്‌ക്ക് മുൻതൂക്കം കാണിക്കുന്നുവെന്നത് വിശ്വസിക്കാൻ കഴിയില്ല. തങ്ങള്‍ക്ക് ലഭിച്ച ഗ്രൗണ്ട് ലെവൽ വിവരം അനുസരിച്ച് ഇന്ത്യാ സഖ്യത്തിന് 45 സീറ്റുകൾ സുഗമായി ലഭിക്കും.
വോട്ടെണ്ണല്‍ ദിവസം അത് ചിലപ്പോള്‍ 50 കടന്നേക്കാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് ഘട്ടങ്ങളിൽ നിന്നുമായി ജാര്‍ഖണ്ഡില്‍ കോൺഗ്രസിന് ഏകദേശം 16 അല്ലെങ്കിൽ 17 സീറ്റുകൾ വരെ ലഭിക്കും. തങ്ങളുടെ മുൻ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ആകെയുള്ള 81 സീറ്റുകളില്‍ 42 സീറ്റുകള്‍ ആവശ്യമാണ്.
Read Also: മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എന്‍ഡിഎ; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്