ഷിയോപൂർ: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ രാംനിവാസ് റാവത്ത് പാർട്ടിയില്‍ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ സാന്നിധ്യത്തിൽ രാംനിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ, മുൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
റാവത്തിനോടൊപ്പം മൊറേന മേയർ ശാരദ സോളങ്കിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. രാംനിവാസ് റാവത്ത് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പാർട്ടി വിട്ടതിനാൽ ചമ്പൽ മേഖലയിൽ കോൺഗ്രസിന് വലിയ നഷ്‌ടം നേരിടേണ്ടി വന്നേക്കും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിൽ എംപിയിലെ ചമ്പൽ മേഖലയിലെ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
വിജയ്‌പൂർ നിയമസഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് രാംനിവാസ് റാവത്ത്. 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ആറാം തവണയും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ബിജെപി എംഎൽഎ ബാബുലാൽ മേവ്രയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇതിന് പുറമെ മൊറേന സീറ്റിൽ നിന്ന് രണ്ട് തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കോൺഗ്രസിന്‍റെ സംസ്ഥാന വർക്കിങ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read: കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; മുൻ വക്താവ് രോഹൻ ഗുപ്‌ത ബിജെപിയിൽ