ചണ്ഡിഗഡ് : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് എംഎൽഎ രാജ് കുമാർ ചബേവാൾ ആം ആദ്‌മി പാർട്ടിയിൽ ചേർന്നു (Congress MLA Raj Kumar Chabewal Joins AAP). ഇതിന് മുമ്പ് അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചിരുന്നു.
ദളിത് നേതാവാണ് രാജ് കുമാർ ചബേവാൾ. മാത്രമല്ല വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. 2015 ൽ കോൺഗ്രസ് അദ്ദേഹത്തെ പഞ്ചാബ് പട്ടികജാതി കമ്മിഷൻ ചെയർമാനായി നിയമിച്ചിരുന്നു. ഇതുകൂടാതെ അദ്ദേഹം എഐസിസി അംഗവുമായിരുന്നു.
ഹോഷിയാർപൂർ ജില്ലയിലെ ചബേവാൾ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ രാജ് കുമാർ ചബേവാൾ പാര്‍ട്ടിയില്‍ ചേർന്നതോടെ പഞ്ചാബിലെ എഎപി കുടുംബം കൂടുതൽ ശക്തമായി. സര്‍ക്കാരിന്‍റെ ജനപക്ഷ നയങ്ങളിൽ ആകൃഷ്‌ടനായാണ് രാജ്‌കുമാർ ചബേവാൾ ആം ആദ്‌മി പാർട്ടിയിൽ ചേർന്നത്. പാർട്ടിക്കുവേണ്ടി രാജ്‌കുമാർ ജിയെ സ്വാഗതം ചെയ്യുന്നു - മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ അറിയിച്ചു
കോൺഗ്രസ് ടിക്കറ്റിൽ രണ്ട് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. രാജ്‌കുമാറിനെ ഹോഷിയാർപൂരിലെ എഎപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും. 10 ദിവസം മുമ്പ് എഎപി സർക്കാരിന്‍റെ വായ്‌പ പാക്കേജുമായി ബന്ധപ്പെട്ട് ഡോ. രാജ്‌കുമാർ വിധാൻ സഭയിൽ എത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് എഎപിയിൽ ചേരുന്ന മൂന്നാമത്തെ കോൺഗ്രസ് നേതാവാണ് ഡോ. രാജ്‌കുമാർ ചബേവാൾ. നേരത്തെ ഗുർപ്രീത് ജിപിയും എം പി പ്രണീത് കൗറും കോൺഗ്രസ് വിട്ടിരുന്നു.