ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളത്തില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ചര്‍ച്ചകള്‍ നടക്കാന്‍ അനുവദിക്കാതെ സഭാനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കരുതിക്കൂട്ടി തടസപ്പെടുത്തുകയാണെന്ന് ജയറാം രമേശ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പാർലമെന്‍റ് പ്രവർത്തിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സഭ മുടങ്ങുന്നത്. പ്രതിപക്ഷത്തിന് അദാനി വിഷയം, മണിപ്പൂരിലെ സാഹചര്യം, സംഭാൽ സംഭവം എന്നിവ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ പാർലമെന്‍റ് നടപടികൾ നിർത്തിവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
ഞങ്ങള്‍ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ പാര്‍ലമെന്‍റ് പിരിയുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. അദാനി വിഷയം, മണിപ്പൂർ, സംഭാൽ സംഭവം, അജ്‌മീർ എന്നിവയിൽ സർക്കാർ ചർച്ച ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് സർക്കാർ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നത്?"- ജയറാം രമേശ് ചോദിച്ചു.
വിവാദമായ നിരവധി വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോരിന്‍റെ പേരില്‍ ആദ്യ ആഴ്‌ച കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്.
ALSO READ: 'ജനാധിപത്യം തകര്‍ക്കാൻ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തിക്കെതിരെയാണ് പോരാട്ടം'; പ്രിയങ്കാ ഗാന്ധി
അദാനി വിഷയത്തിലും മണിപ്പൂരിലെയും സംഭാലിലെയും അക്രമത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടയിൽ ശീതകാല സമ്മേളനത്തിന്‍റെ തുടക്കം മുതൽ പാർലന്‍റ് നടപടികൾ സ്‌തംഭിച്ചിരിക്കുകയാണ്. തുടർച്ചയായ നാലാം ദിവസവും ഇരുസഭകളിലും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്, കാര്യമായ പ്രവർത്തനങ്ങൾ നടക്കാതിരുന്നതോടെ നവംബർ 29 ന്, പാര്‍ലമെന്‍റ് പിരിഞ്ഞിരുന്നു. ഡിസംബർ രണ്ട് വരെയാണ് പാര്‍ലമെന്‍റ് പിരിഞ്ഞത്.
ശീതകാല പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനത്തിന് നവംബർ 25-നാണ് തുടക്കമായത്. ഡിസംബർ 20 വരെയാണ് ഈ സമ്മേളനം നീണ്ടുനില്‍ക്കുക. അതേസമയം ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നവംബർ അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും ജയറാം രമേശ് വ്യക്തമാക്കി.