ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നു. കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ഇക്കുറി തെരഞ്ഞെടുപ്പ് കളത്തിലുണ്ടാകുമെന്ന സൂചന തന്നെയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്(Congress).
ഇക്കുറി ലോക്‌സഭയില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന ഉദ്ദേശ്യമാണ് കൂടുതല്‍ പരിണിത പ്രജ്ഞരായ നേതാക്കളെ അങ്കത്തട്ടിലിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. 2014ല്‍ 543ല്‍ കേവലം 44 സീറ്റുകള്‍ കൊണ്ട് കോണ്‍ഗ്രസിന് തൃപ്‌തിപ്പെടേണ്ടി വന്നു. 2019ല്‍ ഇത് 52ലെത്തി. 2019ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്(2024 Lok Sabha polls).
ബാഗേല്‍, കെ സി വേണുഗോപാല്‍, തമ്രാധ്വാജ് സാഹു, ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ആശിഷ് സാഹ, ആന്‍റോ ആന്‍റണി, ജ്യോത്സന മഹന്ത്, ഡി കെ സുരേഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ച് എട്ടിന് പ്രഖ്യാപിച്ച 39 അംഗ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു(Congress veterans).
കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ നടക്കുകയാണ്. അതിന് ശേഷം പ്രഖ്യാപനമുണ്ടാകും. ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാകും നാളെ നടക്കുക എന്നാണ് സൂചന.
ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, അദ്ദേഹത്തിന്‍റെ മകനും പാര്‍ലമെന്‍റംഗവുമായ ദീപേന്ദര്‍ ഹൂഡ, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ നിയമസഭാ സമാജികരായ ഹരീഷ് ചൗധരി, സച്ചിന്‍ പൈലറ്റ് എന്നിവരെയും ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദീപേന്ദര്‍ റോഹ്‌ത്തക്കിലെയും, ഹരീഷും സച്ചിനും യഥാക്രമം ബാര്‍മറിലും അജ്‌മീറിലും നിന്നുമുള്ള പാര്‍ലമെന്‍റംഗങ്ങളുമാണ്.
പാര്‍ട്ടിയിലെ സുപ്രധാന പദവികള്‍ വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിതു പത്വാരി, രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ ഗോവിന്ദ് ദോത്‌സാര, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, ദിഗ്വിജയ് സിങ്, മുന്‍ എംപിയും പിസിസി അധ്യക്ഷനുമായ അരുണ്‍യാദവ്, ഹരിയാനയിലെ മുതിര്‍ന്ന നേതാക്കളായ കുമാരി ഷെല്‍ജ, രാജ്യസഭാംഗം രണ്‍ദീപ് സുര്‍ജെവാല തുടങ്ങിയവരും കോണ്‍ഗ്രസിന്‍റെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വറിനെ ബിഹാറില്‍ നിന്ന് മത്സരിപ്പിച്ചേക്കും. നിലവില്‍ പഞ്ചാബില്‍ നിന്നുള്ള പാര്‍ലമെന്‍റംഗവും മുന്‍ മന്ത്രിയുമായി മനിഷ് തിവാരി ഇക്കുറിയും ജനവിധി തേടാന്‍ തയാറാണ്. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയുമായ പവന്‍കുമാര്‍ ബന്‍സാലും മുന്‍ എംപി ജെ പി അഗര്‍വാളും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ദേശീയ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ട് അങ്കത്തട്ടിലിറങ്ങുന്നതാണ് നല്ലത്. ഇതിലൂടെ പാര്‍ട്ടിയില്‍ വിശ്വാസമുണ്ടാക്കാനും മികച്ച സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനും സാധിക്കുമെന്ന് ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അജയ് കപൂര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തഴക്കവും പഴക്കവും ഉണ്ട്. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാനും അവര്‍ക്കറിയാം. അവരുടെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സാധിക്കും. അവര്‍ക്ക് ജനങ്ങളില്‍ കാര്യമായ സ്വാധീനവുമുണ്ട്. പാര്‍ട്ടിയും ഗൗരവത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ബോധം ജനങ്ങളിലുണ്ടാക്കാനും ഇതിലൂടെ സാധിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപി ജെ പി അഗര്‍വാള്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കിയത്.
എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിരഭിപ്രായമുണ്ട്. വലിയൊരു പേര് കണ്ട് ഒരു മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരും തങ്ങള്‍ക്ക് പിന്നാലെ വരുമെന്ന് കരുതുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഒരംഗം പ്രതികരിച്ചത്. ദേശീയ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റുകളിലും വ്യത്യസ്‌ത കാരണങ്ങളും വ്യത്യസ്‌ത ഘടകങ്ങളുമാണ് വിധി നിര്‍ണയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബംഗാളില്‍ മമതയുടെ പോരാളിയായി യൂസഫ് പഠാന്‍ ; എതിരാളി അധീർ രഞ്ജൻ ചൗധരി ?