ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ എട്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ജാര്‍ഖണ്ഡിലെ കാളിചരണ്‍ മുണ്ട്, ഖുന്തി സീറ്റിലും സുഖ്‌ദേവ് ഭഗത്, ലോഹര്‍ദാഗയിലും ജയ് പ്രകാശ്‌ഭായ് പട്ടേല്‍, ഹസാരിബാഗിലും മത്സരിക്കും.
മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ റാവു യാദ്‌വേന്ദ്ര സിങ് മത്സരത്തിനിറങ്ങുമ്പോള്‍ വിദിഷയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ പ്രതാപ് ഭാനു ശര്‍മ്മയും പോരാട്ടത്തിനിറങ്ങും. തെലങ്കാനയിലെ ആദിലാബാദില്‍ അത്രം സുഗുണയും നിസാമില്‍ നിന്ന് ജീവന്‍ റെഡ്ഡിയും മേഡക്കില്‍ നിന്ന് നീലം മധുവും ഭോങ്കിറിൽ നിന്ന് ചമല കിരൺ കുമാർ റെഡ്ഡിയും മത്സരിക്കും.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് സ്ഥാനാര്‍ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഗാസിയാബാദില്‍ ഡോളി ശര്‍മ്മയും ബുലന്ദ്‌ഷഹറില്‍ ശിവ്‌റാം വാല്‍മീകിയും സീതാപൂരില്‍ നകുല്‍ ദുബെയും മത്സര രംഗത്തുണ്ടാകും. അതേസമയം രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് നേരത്തെ ആറാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ രാജസ്ഥാനില്‍ നിന്നുള്ള നാല് സ്ഥാനാര്‍ഥികളുടെയും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളുടെയും പേരാണ് പ്രഖ്യാപിച്ചത്.
രാജസ്ഥാനിലെ അജ്‌മീര്‍ ലോക്‌സഭ സീറ്റില്‍ രാമചന്ദ്ര ചൗധരിയെയും രാജ്‌സമന്ദില്‍ സുദർശൻ റാവത്തിനെയും ഭിൽവാരയിൽ ദാമോദർ ഗുർജാറിനെയുമാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കോട്ട മണ്ഡലത്തില്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയെ നേരിടാന്‍ പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് തീരുമാനിച്ചിട്ടുള്ളത്. 25 പാര്‍ലമെന്‍റ് മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഒന്നാം ഘട്ടം നടക്കുന്ന ഏപ്രില്‍ 19ന് 12 ഇടങ്ങളിലും രണ്ടാം ഘട്ടം നടക്കുന്ന ഏപ്രില്‍ 26ന് ബാക്കി വരുന്ന 13 ഇടങ്ങളിലും വോട്ടെടുപ്പുണ്ടാകും.
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി മണ്ഡലത്തില്‍ സി റോബര്‍ട്ട് ബ്രൂസ് ജനവിധി തേടും. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളിലും ഏപ്രിൽ 19നാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ വിളവൻകോട് മണ്ഡലത്തിൽ തരഹൈ കത്ത്‌ബെർട്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഏപ്രില്‍ 19നാണ് ലോക്‌സഭ വോട്ടെടുപ്പിന് തുടക്കമാകുക. 543 സീറ്റുകളിലേക്കാണ് മത്സരം. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 97 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം രേഖപ്പെടുത്തുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 52 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകളില്‍ വിജയം കൊയ്‌തപ്പോള്‍ വെറും 44 സീറ്റുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.