ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തി. യുപിയുടെ കുട്ടികള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്ത്യാസഖ്യം ഉത്തര്‍പ്രദേശില്‍ കളം നിറയുക. ഈ മാസം 25ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ചേര്‍ന്ന് നയിക്കുന്ന റോഡ് ഷോയോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ത്യ സഖ്യം തുടക്കം കുറിക്കും( Congress and Samajwadi Party).
ഇത് ഇന്ത്യാസഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടി ആയിരിക്കുമെന്നും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവുമായ പി എല്‍ പുനിയ ഇടിവി ഭാരതിനോട് പറഞ്ഞു(Rahul-Akhilesh To Launch INDIA Poll Campaign).
ഈമാസം 22നും 23നും യാത്ര ഉണ്ടാകില്ല. 24ന് മൊറാദാബാദില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 19നോ 20നോ അമേഠിയിലോ റായ്ബറേലിയിലോ താന്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അഖിലേഷ് യാദവ് അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എത്തിയില്ല. പിന്നീട് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയാകും വരെ താന്‍ യാത്രയില്‍ പങ്കെടുക്കില്ലെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും അഖിലേഷില്‍ നിന്നുണ്ടായി.
ഒടുവിലാണ് കഴിഞ്ഞ ദിവസം സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ കഴിഞ്ഞ ദിവസം ധാരണയുണ്ടാകുകയും ഇന്നലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയും ചെയ്തത്. സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പതിനേഴ് സീറ്റില്‍ മത്സരിക്കും. ബാക്കിയുള്ള 63സീറ്റുകളില്‍ എസ്‌പിയും മറ്റ് ചെറുകക്ഷികളും മത്സരിക്കാനും ധാരണയായി. ഇതേ തുടര്‍ന്ന് അഖിലേഷിനോട് യാത്രയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടണമെന്ന് എസ്‌പി നേതാക്കളോട് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. അദ്ദേഹം അതിന് സമ്മതിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സംയുക്ത റോഡ് ഷോയ്ക്ക് സഹകരിക്കുമെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു(joint roadshow in Agra on February 25).
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുകക്ഷികളും ചേര്‍ന്ന് ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ ധാരണ ആയിരിക്കുന്നത്. യുപിയുടെ കുട്ടികള്‍ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ യുവാക്കളുടെ നേതാവായ അഖിലേഷിനെയും ദേശീയ നേതാവായ രാഹുലിനെയും ഒരുമിപ്പിച്ച് പ്രചാരണത്തിനിറക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു മുദ്രാവാക്യം ഇറക്കിയത്. എന്നാല്‍ അന്ന് ആ സഖ്യം വിജയത്തിലെത്തിയില്ല.
403 നിയമസഭാ സീറ്റുകളില്‍ എസ്‌പിക്ക് കേവലം 47 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിനാകട്ടെ വെറും ഏഴ് സീറ്റുകളും നേടാനേ കഴിഞ്ഞുള്ളൂ. 325 സീറ്റുകളില്‍ ബിജെപിയുടെ തേരോട്ടമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം കൈപ്പൊള്ളിച്ച എസ് പി പിന്നീട് 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് മുതിര്‍ന്നതേയില്ല. പകരം ബിജെപിയെ നേരിടാന്‍ ബദ്ധവൈരിയായ ബിഎസ്‌പിയെ കൂട്ടുപിടിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഈ സഖ്യം കൊണ്ടും പ്രതീക്ഷിച്ച ഫലമൊന്നുമുണ്ടായില്ല. എസ്‌പി -ബിഎസ്‌പി സഖ്യത്തിന് കേവലം പതിനഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിഎസ്‌പി പത്ത് സീറ്റുകള്‍ നേടിയപ്പോള്‍ എസ്‌പിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 62 സീറ്റുകള്‍ ബിജെപി കൊയ്തെടുത്തു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാനരാഷ്‌ട്രീയം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. പുതിയ സഖ്യത്തിന് സംസ്ഥാനത്ത് ശക്തമായ പോരാട്ടം കാഴ്‌ചവയ്ക്കാനാകുമെന്നാണ് പുനിയ പറയുന്നത്. തൊഴില്‍, വിലക്കയറ്റം, സ്‌ത്രീസുരക്ഷ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ഉയര്‍ത്തിയാകും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
2009ലെ ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ച 22 മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വച്ചെങ്കിലും ഒടുവില്‍ പതിനേഴ് സീറ്റുകള്‍ എന്ന ധാരണയിലെത്തുകയായിരുന്നു. ഇത് നല്ലൊരു പങ്കാണെന്നും പുനിയ പറയുന്നു. ഇപ്പോള്‍ താഴെതലത്തിലിറങ്ങിയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'ബിജെപിക്ക് കമൽനാഥിനെ ആവശ്യമില്ല, ആ വാതിലുകൾ തുറക്കില്ല'; മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ