ന്യൂഡൽഹി : വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരിനും സുപ്രീം കോടതി നൽകിയ നോട്ടീസ് സുപ്രധാനമായ ആദ്യ ചുവടുവയ്പ്പാണെന്ന് കോൺഗ്രസ്. "വിവിപാറ്റ് വിഷയത്തിൽ സുപ്രീം കോടതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇവിഎമ്മുകളിൽ പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കുന്നതിനുമായി 100 ശതമാനം വിവിപാറ്റുകൾ ആവശ്യപ്പെടുന്ന ഇന്ത്യാമുന്നണി നേതാക്കളുടെ പ്രതിനിധി സംഘത്തെ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിക്കുകയായിരുന്നു'' - ജയ്റാം രമേഷ് എക്‌സില്‍ കുറിച്ചു.
വിവിപാറ്റ് പേപ്പർ സ്ലിപ്പുകളിലൂടെ ക്രമരഹിതമായി അഞ്ച് ഇവിഎമ്മുകൾ മാത്രം പരിശോധിക്കുന്ന നിലവിലെ രീതിക്ക് വിരുദ്ധമായി, തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സ്ലിപ്പുകളുടെ പൂർണമായ എണ്ണം ആവശ്യപ്പെടുന്നതാണ് കോണ്‍ഗ്രസ് ഹര്‍ജി. ഇതിലാണ് കോടതി കമ്മിഷനോടും കേന്ദ്ര സർക്കാരിനോടും പ്രതികരണം തേടിയത്. നോട്ടീസ് സുപ്രധാനമായ ആദ്യപടിയാണ്, എന്നാൽ അത് അർത്ഥപൂർണമാകണമെങ്കിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും ജയ്‌റാം രമേഷ് പറഞ്ഞു.
വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) ഒരു സ്വതന്ത്ര വോട്ട് സ്ഥിരീകരണ സംവിധാനമാണ്. ഇത് ഒരു ഇലക്‌ടറെ തൻ്റെ വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കാണാൻ അനുവദിക്കുന്നു. വിവിപാറ്റ് ഒരു പേപ്പർ സ്ലിപ്പ് സൃഷ്‌ടിക്കുകയും അത് വോട്ടർക്ക് കാണാൻ സാധിക്കുകയും മാത്രമല്ല പേപ്പർ സ്ലിപ്പ് സീൽ ചെയ്‌ത കവറിൽ സൂക്ഷിക്കപ്പെടുകയും തർക്കമുണ്ടായാൽ തുറന്ന് പരിശോധിക്കുകയും ചെയ്യും.
വിവിപാറ്റ് ഫിസിക്കൽ വെരിഫിക്കേഷന് വിധേയമാകുന്ന ഇവിഎമ്മുകളുടെ എണ്ണം ഒരു പാർലമെൻ്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി സെഗ്‌മെൻ്റിലും ഒന്നിൽ നിന്ന് അഞ്ചായി ഉയർത്താൻ 2019 ഏപ്രിൽ 8 ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടിരുന്നു. മെയ് 17 ന് വാദം കേൾക്കാനിരുന്ന ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനും (ഇസി) കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.