കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മമത ബാനര്‍ജിയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംപിയുമായ ആധിര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ സഹായമില്ലാതെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മമതയുടെ സഹായത്തോടെ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് നന്നായി അറിയാം. മമത ബാനർജി വിട്ടുനൽകാമെന്ന് പറയുന്ന രണ്ട് സീറ്റുകളിൽ നേരത്തെ ബിജെപിയെയും തൃണമൂൽ കോൺഗ്രസ്സിനെയും ഞങ്ങള്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന് മമത ബാനര്‍ജി ഓര്‍ക്കണം' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്‌താവന. ബംഗാളില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ രണ്ട് സീറ്റുകള്‍ വാഗ്‌ദാനം ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റിനായി കോണ്‍ഗ്രസ് ആര്‍ക്ക് മുന്നിലും യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മമത ബാനര്‍ജി തന്‍റെ അടുത്തയാളാണെന്നായിരുന്നു ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 'സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മമത ബാനർജി എന്നോടും കോണ്‍ഗ്രസിനോടും ഏറെ അടുപ്പമുള്ള നേതാവാണ്. നേതാക്കള്‍ അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമായ കാര്യമാണ്. ആധിർ രഞ്ജൻ നടത്തിയ പ്രസ്‌താവനകളെ കാര്യമായി എടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.