ഹാമിർപൂർ (ഉത്തർപ്രദേശ്) : അധികാരത്തിലെത്തിയാൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്‌പി) രാമക്ഷേത്രത്തിന് മുകളിൽ ബുൾഡോസർ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുൾഡോസറുകൾ യഥാർഥത്തിൽ ഉപയോഗിക്കേണ്ടത് എവിടെയാണെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്ന് പാഠം ഉൾക്കൊള്ളാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോദി വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹാട്രിക് നേടി തൻ്റെ സർക്കാർ തിരിച്ചുവരുമെന്ന് അവകാശപ്പെട്ട മോദി വെറും 50 സീറ്റുകൾ നേടുക എന്ന ദൗത്യമാണ് കോൺഗ്രസിനുള്ളതെന്നും പറഞ്ഞു. ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തു. യോഗങ്ങളിലെല്ലാം ഇന്ത്യ മുന്നണിക്കെതിരെ മോദി ആഞ്ഞടിച്ചു. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും എതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉയർത്തി.
രാജ്യത്ത് അസ്ഥിരത സൃഷ്‌ടിക്കാൻ ഇന്ത്യ ബ്ലോക്ക് മത്സരത്തിലാണെന്ന് ബരാബങ്കിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് ഒരു മുതിർന്ന എസ്‌പി നേതാവ് രാമനവമി ദിനത്തിൽ പറഞ്ഞത്. രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണെന്നും മോദി ആരോപിച്ചു.
എസ്‌പിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ അവർ രാം ലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കും. എസ്‌പിയും കോൺഗ്രസും ക്ഷേത്രം ബുൾഡോസർ ചെയ്യുമെന്ന് പറഞ്ഞ മോദി ബുൾഡോസറുകൾ എവിടെ ഉപയോഗിക്കണമെന്ന് ആദിത്യനാഥിൽ നിന്ന് ട്യൂഷൻ എടുക്കാനും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ സഖ്യകക്ഷികൾക്ക് വോട്ട് ബാങ്കിനേക്കാൾ വലുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്‌പിയും കോൺഗ്രസും പ്രീണനത്തിന് കീഴടങ്ങി. മോദി രാജ്യത്തോട് സത്യം പറയുമ്പോൾ, ഹിന്ദു-മുസ്ലിം വിഭജനം സൃഷ്‌ടിക്കുകയാണെന്ന് അവർ പറയുന്നു. എന്നാൽ എല്ലാവരും സത്യം മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. മുത്തലാഖ് നിയമത്തിൽ നമ്മുടെ അമ്മമാരും സഹോദരിമാരും സന്തുഷ്‌ടരാണ്. അവർ തുടർച്ചയായി ബിജെപിയെ അനുഗ്രഹിക്കുന്നു.
മുസ്ലിങ്ങളെ ക്വാട്ടയിലേക്ക് കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കത്തിനെതിരെയും മോദി ആഞ്ഞടിച്ചു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്ന് ഭരണഘടന നിർമാണഘട്ടത്തിൽ തന്നെ ഭരണഘടന അസംബ്ലി തീരുമാനിച്ചതാണ്. എന്നാൽ കർണാടകയിൽ കോൺഗ്രസ് ഒറ്റരാത്രികൊണ്ട് എല്ലാ മുസ്ലിങ്ങളെയും ഒബിസിയാക്കി. ഒബിസിക്ക് നൽകിയ സംവരണത്തിൻ്റെ വലിയൊരു ഭാഗം അവർ കൊള്ളയടിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
ഇതിനിടെ ജനങ്ങളുടെ സ്വത്ത് മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് വിട്ടുനൽകാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന ആരോപണം പ്രധാനമന്ത്രി ഹമീർപൂരിൽ ആവർത്തിച്ചു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെച്ചൊല്ലി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ മോദി പരിഹസിച്ചു. പാകിസ്ഥാൻ്റെ പക്കൽ അണുബോംബ് ഉണ്ടെന്ന് അവർ പറയുന്നു. എന്നാൽ ഈ ഭീഷണി മുഴക്കുന്നവർക്ക് അത് പരിപാലിക്കാൻ പോലും പണമില്ല.
അവർക്ക് മിസൈലുകളുണ്ടെന്ന് പറയുന്നു. ബുന്ദേൽഖണ്ഡിൽ ഞങ്ങൾ നിർമ്മിക്കുന്ന പ്രതിരോധ ഇടനാഴി പടക്കങ്ങൾ ഉണ്ടാക്കാനല്ല, മിസൈലുകൾ നിർമ്മിക്കാനാണ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
ALSO READ: മാലയിടാനെന്ന വ്യാജേനയെത്തി മഷിയെറിഞ്ഞു, കയ്യേറ്റവും; കനയ്യ കുമാറിന് നേരെ ആക്രമണം