ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ മകന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയതിന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോൺഗ്രസ്. പെൺമക്കളുടെ സുരക്ഷയെക്കാൾ പ്രധാനം പ്രധാനമന്ത്രിയുടെ അധികാര ദാഹമാണോ എന്ന തരത്തില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മോദിയുടെ ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
'മോദിയുടെ ഇന്ത്യയിൽ സ്‌ത്രീകൾ എന്നെങ്കിലും സുരക്ഷിതരായിരിക്കുമോ? സൂര്യ ഘർ യോജനയുടെ കീഴിലുള്ള സൗജന്യ വൈദ്യുതിയെക്കുറിച്ച് പ്രധാനമന്ത്രി അയോധ്യയിൽ കള്ളം പറഞ്ഞത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് യുപിയിലെ യുവാക്കൾ തൊഴിൽ വിപണി ഉപേക്ഷിച്ചത്?' ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കുന്നതിനുപകരം, കൈസർഗഞ്ച് ലോക്‌സഭ സീറ്റിൽ നിന്ന് മകൻ കരൺ ഭൂഷൺ സിങിന് ബിജെപി ടിക്കറ്റ് നൽകി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങളുടെ കരിയർ പണയപ്പെടുത്തുകയും ദിവസങ്ങളോളം വെയിലും മഴയും സഹിച്ച് തെരുവിൽ ഉറങ്ങുകയും ചെയ്‌ത എല്ലാ സ്‌ത്രീകളുടെയും മുഖത്തേറ്റ അടിയായി ഇത് മാറിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
മോദി കാ പരിവാറിൽ 'നാരി ശക്തി' എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും, ഹാസൻ എംപി പ്രജ്വല്‍ രേവണ്ണയായാലും ബ്രിജ് ഭൂഷൺ ശരൺ സിങ്ങായാലും ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് അഭയം നൽകുകയാണെന്ന് വ്യക്തമായതായും രമേശ് പറഞ്ഞു.
അടുത്ത 3-4 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 2 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി യോഗി വാഗ്‌ദാനം ചെയ്‌തിരുന്നു. പ്രധാനമന്ത്രി 2014 ൽ അധികാരത്തിൽ വരുന്നതിന് മുമ്പ് നൽകിയ അതേ വാഗ്‌ദാനമാണിത്. വർഷങ്ങളുടെ റെക്കോർഡ് തൊഴിലില്ലായ്‌മയാണ് പിന്നീട് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്തർപ്രദേശിലെ തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ വളരെ മോശമായതിനാൽ യുവാക്കൾ ജോലി തേടുന്നത് ഉപേക്ഷിക്കാൻ തുടങ്ങി. ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.