കോട്ട (രാജസ്ഥാൻ) : രാജസ്ഥാനിലെ കോട്ടയില്‍ മധ്യപ്രദേശിലെ മത്സര പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ 21 കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി (Coaching Student 'Kidnapped' In Kota). മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 18 ന് വൈകുന്നേരം പെൺകുട്ടിയെ കെട്ടിയിരിക്കുന്നതിന്‍റെ മൊബൈൽ ചിത്രങ്ങളും വീഡിയോകളും പെൺകുട്ടിയുടെ പിതാവിന് ലഭിച്ചു. പിതാവിനെ ഭീഷണിപ്പെടുത്തുകയും 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തതിനെ തുടർന്ന് അവർ ശിവപുരി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ വിദ്യാർഥിനി കോട്ടയിൽ പഠിക്കുകയോ അവിടെ ഒരു ഹോസ്‌റ്റലിൽ താമസിക്കുകയോ ചെയ്‌തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ പിതാവ് ഇതിനെതിരെ രംഗത്തെത്തി. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ കോച്ചിങ്ങിനായി വിദ്യാർഥി കോട്ടയിൽ പോയിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതിനിടെ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ സമീപിച്ച് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയിലെ തന്‍റെ പഠനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളെ കുറിച്ച് എല്ലാ ദിവസവും അവൾ പിതാവിനെ അറിയിച്ചിരുന്നുവെന്നും, മാത്രമല്ല കോച്ചിങ് സെന്‍ററിലെ അറ്റൻഡൻസിനെ കുറിച്ചും പറയാറുണ്ടായിരുന്നുവെന്നും കോട്ടയിലെ എസ്‌പി അമൃത ദുഹാൻ പറഞ്ഞു. ക്ലാസ് ഹാജർ നിലയും പരീക്ഷയിലെ പ്രകടനവും അവൾ അച്‌ഛനെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജ്ഞാതർ വിദ്യാർഥിയുടെ പിതാവിന് അയച്ച ഫോട്ടോയിൽ അവളുടെ കൈകളും കാലുകളും വായും കെട്ടിയിട്ടിരിക്കുന്ന നിലയിലാണ് ഉള്ളത്. തട്ടിക്കൊണ്ട് പോയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള നിഗമനത്തിലെത്താൻ പൊലീസ് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്ന് എസ്‌പി അമൃത ദുഹാൻ പറഞ്ഞു. യുവതിയെ കുറിച്ച് സൂചന നൽകുന്നയാൾക്ക് 20,000 രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ മകളെ ഇൻഡോറിൽ ഒരു ആൺകുട്ടി ഉപദ്രവിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് കോട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും പെൺകുട്ടിയെ ശിവപുരിയിലെ വീട്ടിൽ ആറുമാസത്തോളം നിരീക്ഷണത്തിലാക്കുകയും ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് പഠനത്തിനായി പെൺകുട്ടിയെ കോട്ടയിലേക്ക് അയക്കുകയായിരുന്നു. കോട്ടയിലെ ഒരു കോച്ചിങ് സെൻ്ററിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞതായി അവളുടെ പിതാവ് സൂചിപ്പിച്ചു. പെൺകുട്ടിയെ കാണാനില്ല എന്ന സംഭവം അറിഞ്ഞയുടൻ വിദ്യാർഥിയുടെ വീട്ടുകാർ കോട്ടയിലേക്ക് എത്തി കോട്ട റേഞ്ച് ഐജി രവി ദത്ത് ഗൗർ, എഡിഎം സിറ്റി ബ്രിജ്മോഹൻ ബൈർവ എന്നിവരുമായി ഈ വിഷയം ഉന്നയിച്ചു.
ALSO READ : ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണം ; സിബിഐ അന്തിമ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി