ഗുവാഹത്തി: പൗരത്വ രജിസ്ട്രേഷന് അപേക്ഷിക്കാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കില്ലെന്ന് അസം ഭരണകൂടം. മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റ ശ്രമം കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ആധാർ അപേക്ഷകരുടെ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള നോഡൽ ഏജൻസി സംസ്ഥാന സർക്കാരിന്‍റെ പൊതുഭരണ വകുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും ഒരു അഡിഷണൽ ജില്ലാ കമ്മിഷണറെ നിയമിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം ശർമ്മ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആധാറിനുള്ള ആദ്യ അപേക്ഷയ്ക്ക് ശേഷം യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അത് സംസ്ഥാന സർക്കാരിന് പരിശോധനയ്ക്കായി അയക്കും. അപേക്ഷ നല്‍കിയ വ്യക്തിയോ മാതാപിതാക്കളോ കുടുംബമോ എൻആർസിയിൽ രജിസ്‌ട്രര്‍ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടോ എന്ന് ആദ്യം ലോക്കൽ സർക്കിൾ ഓഫിസർ (സിഒ) പരിശോധിക്കും.
ഇതിന് ശേഷമായിരിക്കും ആധാര്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവുകയെന്ന് ഹിമന്ത ബിശ്വ ശർമ്മ വിശദീകരിച്ചു. എൻആർസിക്ക് അപേക്ഷ ഇല്ലെങ്കിൽ ആധാർ അപേക്ഷ ഉടൻ നിരസിക്കുമെന്നും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാബിനറ്റ് അംഗീകരിച്ച പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) അനുസരിച്ച്, സമർപ്പിച്ച രേഖകൾ സംസ്ഥാന സർക്കാർ പരിശോധിച്ച് 45 ദിവസത്തിനുള്ളിൽ ഓൺലൈനായി യുഐഡിഎഐയിലേക്ക് തിരികെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നുഴഞ്ഞുകയറ്റക്കാരെ അസം പൊലീസും ത്രിപുര പൊലീസും ബിഎസ്എഫും പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങളുടെ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ആധാർ കാർഡ് നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ ഞങ്ങൾ തീരുമാനിച്ചതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും എൻആർസിക്ക് അപേക്ഷിക്കാത്തവരുമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ പുതിയ നിർദേശം ബാധകമാകില്ലെന്ന് ശർമ്മ പറഞ്ഞു. 2019 ഓഗസ്റ്റ് 31നാണ് അസം അന്തിമ എൻആർസി പുറത്തിറക്കിയത്. ഇതില്‍ 19,06,657 പേരെ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 3,30,27,661 അപേക്ഷകരിൽ 3,11,21,004 പേരെയാണ് ഉൾപ്പെടുത്തിയത്.
Also Read: ബീഫ് നിരോധിച്ച് അസം; വിവാഹ ചടങ്ങുകളിലടക്കം ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശം