ന്യൂഡൽഹി : ജുഡീഷ്യൽ കസ്‌റ്റഡിയിലായിരിക്കെ ഡൽഹി നിയമസഭ മണ്ഡലത്തിന് ഏഴു കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിലിലാണെങ്കിലും കെജ്‌രിവാളിന് ഡൽഹിയിലെ ജനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് റോസ് അവന്യൂ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. അതേസമയം മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കെജ്‌രിവാൾ തൻ്റെ ടീമിനോട് അഭ്യർഥിച്ചതായും പ്രസ്‌താവനയിൽ പറയുന്നുണ്ട്.
ന്യൂഡൽഹി അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ലൈബ്രറി സ്ഥാപിക്കൽ, സിസിടിവി കാമറകൾ സ്ഥാപിക്കൽ, ഇൻഡോർ-ഔട്ട്ഡോർ ജിംനേഷ്യം ഉപകരണങ്ങൾ, തെരുവ് വിളക്കുകൾ, മൊബൈൽ വാനുകൾ, ഡ്രെയിനേജ് സ്ഥാപിക്കൽ, ആർസിസി റോഡുകൾ സ്ഥാപിക്കൽ, റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പൂർത്തീകരണം എന്നിവ ഉൾപ്പെടെ 50 ഓളം വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകൃത ഫണ്ട് വിനിയോഗിക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 21 ന് അറസ്‌റ്റിലായ മന്ത്രി ഇപ്പോൾ തിഹാർ ജയിലിലാണ്.
തൻ്റെ നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിന് റോസ് അവന്യൂ കോടതിയിൽ നിന്ന് അദ്ദേഹം അനുമതി തേടിയിരുന്നു. വിഷയത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) കോടതി നോട്ടിസ് അയച്ചിട്ടുണ്ടെന്നും ഫെഡറൽ ഏജൻസി ഇതിനോട് എതിർപ്പൊന്നും ഉന്നയിച്ചിട്ടില്ലെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.