ന്യൂഡല്‍ഹി: അഞ്ച് ഭാഷകള്‍ക്ക് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു. ആസാമീസ്, മറാത്തി, പാലി, പ്രാകൃത്, ബംഗാളി ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ തീരുമാനിച്ചത്.
ഭാരതത്തിന്‍റെ പൗരാണിക സാംസ്‌കാരിക പാരമ്പര്യം പേറുന്നവയാണ് ശ്രേഷ്‌ഠ ഭാഷകളെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഓരോ സമൂഹത്തിന്‍റെയും ചരിത്രവും സാംസ്‌കാരികവുമായ നാഴികകല്ലുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 ഒക്‌ടോബര്‍ 12 മുതലാണ് ശ്രേഷ്‌ഠഭാഷ പദവി നല്‍കാന്‍ തുടങ്ങിയത്. തമിഴിനാണ് ആദ്യമായി ശ്രേഷ്‌ഠഭാഷ പദവി നല്‍കിയത്. പതിനായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യം തമിഴിനുണ്ടെന്നാണ് വിലയിരുത്തിയത്. 2005ല്‍ സംസ്‌കൃതത്തിനും ശ്രേഷ്‌ഠ ഭാഷ പദവി നല്‍കി. പിന്നീട് തെലുഗ്, കന്നഡ, മലയാളം ഭാഷകള്‍ക്കും ശ്രേഷ്‌ഠഭാഷ പദവി സമ്മാനിച്ചു. ഏറ്റവും ഒടുവില്‍ 2014ല്‍ ഒഡിയയ്ക്കാണ് ശ്രേഷ്‌ഠ ഭാഷ പദവി കിട്ടിയത്. ഇപ്പോള്‍ അഞ്ച് ഭാഷകള്‍ക്ക് കൂടി ശ്രേഷ്‌ഠ ഭാഷാ പദവി ലഭിച്ചതോടെ രാജ്യത്തെ ശ്രേഷ്‌ഠ ഭാഷ പദവിയുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി.
അസോം സാഹിത്യ സഭ മുന്‍അധ്യക്ഷന്‍ കുലധര്‍ സൈക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ആസാമീസ് ഭാഷയ്ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഏറ്റവു വലിയ സാഹിത്യ കൂട്ടായ്‌മയായ അസോം സാഹിത്യ സഭയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഭാഷയ്ക്ക് ശ്രേഷ്‌ഠ ഭാഷ പദവിക്ക് വേണ്ടി കിണഞ്ഞ് ശ്രമിച്ച വ്യക്തിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സൈക്കിയ. ശ്രേഷ്‌ഠ ഭാഷ പദവി ആവശ്യപ്പെട്ട് അസോം സാഹിത്യ സഭ 391 പേജുള്ള റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ ലാംഗ്വേജ് സമിതിക്ക് മുമ്പാകെ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ നേട്ടമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അദ്ദേഹം നന്ദിയും അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നടപടിയെ ചരിത്രപരമെന്നാണ് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോബാള്‍ വിശേഷിപ്പിച്ചത്. തനിക്ക് വലിയ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് ആറ് ഭാഷകള്‍ക്ക് മാത്രമാണ് ശ്രേഷ്‌ഠ ഭാഷ പദവി കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം തന്‍റെ എക്‌സില്‍ കുറിച്ചു.
1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ള ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠഭാഷാ പദവി നല്‍കുന്നത്. പൗരാണിക സാഹിത്യ സൃഷ്‌ടികളടക്കം പരിഗണിച്ചാണ് ശ്രേഷ്‌ഠഭാഷാ പദവി സമ്മാനിക്കുന്നത്.
ഇതിന് പുറമെ റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാനും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസായാണ് ഇത്രയും തുക ലഭിക്കുക. രണ്ടര മാസത്തിലേറെ വരുന്ന ശമ്പളമാണ് ഇതിലൂടെ ജീവനക്കാർക്ക് ലഭിക്കു. രാജ്യത്ത് 11.72 ലക്ഷത്തോളം പേർ റെയിൽവെയിൽ ജീവനക്കാരാണെന്നാണ് വിലയിരുത്തൽ. ഇവർക്ക് ബോണസ് നൽകാനായി മാത്രം 2,028.57 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ട്രാക്ക് മെയിൻ്റനൻസ് വിഭാഗം, ഗ്രൂപ്പ് എക്‌സസി ജീവനക്കാർ, ലോക്കോ പൈലറ്റ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ബോണസ് ലഭിക്കും