ബെലഗാവി (കര്‍ണാടക) : ഒരു അമ്മയുടെയും രണ്ട് മക്കളുടെയും ആത്മഹത്യ തടഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍ കര്‍ണാടകയിലെ താരം. ബെലഗാവി ജില്ലയിലുള്ള ഈ ഒന്‍പതാം ക്ലാസുകാരിയുടെ ധൈര്യത്തെയും മനസാന്നിധ്യത്തെയും ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി അഭിനന്ദിക്കണമെന്നാണ് ഇവളുടെ അധ്യാപകരുടെ ആവശ്യം.
ബാലിക ആദര്‍ശ് വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌പൂര്‍ത്തി വിശ്വനാഥ് സവഷെരി എന്ന ബാലികയാണ് ഒരു സ്‌ത്രീയേയും രണ്ട് കുട്ടികളെയും റെയില്‍ പാളത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
ഓഗസ്റ്റ് 22നാണ് സംഭവം. രാത്രി എട്ടരയോടെ മാതാപിതാക്കള്‍ക്കൊപ്പം കാറില്‍ വരുമ്പോഴാണ് അവള്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്‌ച കണ്ടത്. ഒരു സ്‌ത്രീ രണ്ട് കുട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ് റോഡിലെ റെയില്‍വേ ഒന്നാം ഗേറ്റിലെ പാളത്തിലൂടെ നടന്ന് നീങ്ങുന്നു. ഇവര്‍ എന്തോ കടുംകൈക്ക് മുതിരുകയാണെന്ന് മനസിലായ സ്‌പൂര്‍ത്തി ഉടന്‍ തന്നെ കാറില്‍ നിന്ന് ചാടിയിറങ്ങി അവരുടെ അടുത്തേക്ക് ഓടിയെത്തി. അടുത്തുണ്ടായിരുന്നവരെയും വിളിച്ച് കൂട്ടി സ്‌ത്രീയേയും കുട്ടികളെയും സുരക്ഷിതമായി പാളത്തില്‍ നിന്ന വലിച്ച് മാറ്റി. പിന്നീട് അവളെ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചു.
അവരെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ആ ദുഃഖം ജീവിത കാലം മുഴുവന്‍ തന്നെ വേട്ടയാടുമായിരുന്നുവെന്ന് സ്‌പൂര്‍ത്തി ഇടിവി ഭാരതിനോട് പറഞ്ഞു. എന്‍റെ ചെറിയൊരു പ്രവൃത്തിയിലൂടെ മൂന്ന് ജീവനുകള്‍ രക്ഷിക്കാനായി. തനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തന്‍റെ മാതാപിതാക്കള്‍. അവരാണ് തന്‍റെ പ്രചോദനം. ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ അവര്‍ എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും തന്‍റെ വിറയല്‍ മാറിയിട്ടില്ലെന്ന് സ്‌പൂര്‍ത്തിയുടെ പിതാവ് വിശ്വനാഥ് സര്‍വേശ്വരി പറഞ്ഞു. തന്‍റെ മകളുടെ ധൈര്യവും അനുകമ്പയും തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ മകള്‍ വേറെ ഏതെങ്കിലും മേഖലയില്‍ വലിയ വിജയം നേടിയിരുന്നെങ്കില്‍ അവള്‍ക്ക് ഇത്രയേറെ സന്തോഷം ഉണ്ടാകുമായിരുന്നില്ല. തന്‍റെ മകളുടെ സമയോചിതമായ ആ ഇടപെടലില്‍ താന്‍ അതീവ സംതൃപ്‌തനാണ്. അതിലൂടെ മൂന്ന് ജീവനുകള്‍ രക്ഷിക്കാനായി. അധ്യാപകരില്‍ നിന്ന് അവളുള്‍ക്കൊണ്ട പാഠങ്ങളാണ് അതിന് അവളെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപൂര്‍ത്തിക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്നാണ് അവളുടെ അധ്യാപകരുടെ ആവശ്യം. അജ്ഞാതയായ ഒരു സ്‌ത്രീയേയും അവരുടെ രണ്ട് കുഞ്ഞുങ്ങളെയുമാണ് അവളുടെ ബുദ്ധിയും ധൈര്യവും കൊണ്ട് രക്ഷിച്ചത്. അവളുടെ പ്രവൃത്തി തങ്ങളുടെ ബാലിക വിദ്യാലയത്തിന് അഭിമാനവും പ്രശസ്‌തിയും നല്‍കിയിരിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ അവളുടെ പ്രവൃത്തി തിരിച്ചറിയണം. ധീരതയ്ക്കുള്ള പുരസ്‌കാരം അവളെ നല്‍കി ആദരിക്കണമെന്നും മഞ്ജുനാഥ് ഗോലിഹള്ളി എന്ന അധ്യാപകന്‍ പറഞ്ഞു.
സ്‌പൂര്‍ത്തിയുടെ പ്രവര്‍ത്തനത്തെ സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ അഭിനന്ദിച്ചു. അവള്‍ക്ക് അയ്യായിരം രൂപ പാരിതോഷികം നല്‍കുകയും ചെയ്‌തു. ആ പണം പക്ഷേ സ്‌പൂര്‍ത്തി തനിക്ക് വേണ്ടി ചെലവാക്കിയില്ല. കുറച്ച് വീട്ടുസാധനങ്ങള്‍ വാങ്ങി പാവപ്പെട്ട സ്‌ത്രീകള്‍ക്ക് സമ്മാനിച്ചു. സ്‌പൂര്‍ത്തിയെ ബാലിക ആദര്‍ശ് വിദ്യാലയത്തിലെ അധ്യാപകരും അഭിനന്ദിച്ചു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ ജീവനൊടുക്കിയത് 96335 പേർ; ഏറ്റവും കൂടുതൽ ആത്മഹത്യകൾ തിരുവനന്തപുരത്ത്