ന്യൂഡല്‍ഹി: റാഞ്ചിയില്‍ നടന്ന ഇന്ത്യ സഖ്യ റാലിക്കിടെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. രാഷ്‌ട്രീയ ജനതാ ദളിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. കസേരകളും വടികളും ഉപയോഗിച്ചായിരുന്നു പരസ്‌പരമുള്ള ആക്രമണം.
സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പലര്‍ക്കും പരിക്കേറ്റിരുന്നു. റാലിക്കിടെ ഉണ്ടായ ആക്രമണം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചു. ചിലര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ചിലര്‍ വീണ് പരിക്ക് പറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ജെഡി പ്രവര്‍ത്തകരും ഛത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎന്‍ ത്രിപാഠിയുടെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
Also Read: സീറ്റ് പങ്കിടലിനെച്ചൊല്ലി കോണ്‍ഗ്രസ്-ആര്‍ജെഡി തര്‍ക്കം; ബിഹാറിലെ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍
ആക്രമണത്തിനിടെ കെഎന്‍ ത്രിപാഠിയുടെ സഹോദരന്‍ ഗോപാല്‍ ത്രിപാഠിക്ക് സാരമായി പരിക്കേറ്റു. ജാര്‍ഖണ്ഡ് മന്ത്രിസഭയിലെ അംഗമാണ് കെഎന്‍ ത്രിപാഠി. റാലിയിലേക്ക് പുറത്ത് നിന്നുള്ള പതിനഞ്ചോളം പേര്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജെഡി -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വേദിയില്‍ ഇന്ത്യ സഖ്യത്തിലെ പല സമുന്നത നേതാക്കളും സന്നിഹിതരായിരുന്നു.