ന്യൂഡൽഹി: ഡൽഹിയിലെ സിഐഎസ്എഫ് ജവാൻ ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് മധുര സ്വദേശിയായ ശിവപ്രഭു (27) ആണ് മരിച്ചത്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദ്വാരക സെക്‌ടർ-16 സിഐഎസ്എഫ് ക്യാമ്പിലാണ് സംഭവം.
സിഐഎസ്എഫ് മെട്രോ യൂണിറ്റിൽ കോൺസ്റ്റബിളായിരുന്നു ശിവപ്രഭു. വിവരമറിഞ്ഞ് ദ്വാരക നോർത്ത് സ്റ്റേഷനിലെ പൊലീസുകാർ സിഐഎസ്എഫ് ക്യാമ്പിലെത്തി പരിശോധന നടത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹരിനഗറിലെ ഡിഡിയു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന്‍റെ ഫലം വന്നാലേ കോൺസ്റ്റബിന്‍റെ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821