ന്യൂഡല്‍ഹി : ജീവനക്കാരനും കുടുംബത്തിനും നഗര പരിധിക്കുള്ളില്‍ താമസ സൗകര്യം നൽകാൻ തൊഴിലുടമയ്ക്ക് കഴിയാത്ത പക്ഷം വീട്ടു വാടക അലവൻസിന് (എച്ച്ആർഎ) അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധി. മറ്റ് അർദ്ധ സൈനിക വിഭാഗങ്ങൾക്ക് നൽകുന്നതു പോലെതന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും എച്ച്ആർഎ അർഹതയുണ്ടെന്ന ഡൽഹി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
താമസ സൗകര്യം നൽകാത്ത പക്ഷം എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും എച്ച്ആർഎയ്ക്ക് അർഹതയുണ്ടെന്ന ഡൽഹി ഹൈക്കോടതി വിധികളെ ചോദ്യം ചെയത് യൂണിയൻ ഓഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി പ്രസ്‌താവിച്ചത്.ഹര്‍ജിക്കാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സീനിയോറിറ്റി പട്ടികയിലെ 45% പേരിൽ ഇല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. 45% വിവാഹിതർക്കും 55% അവിവാഹിതർക്കും മാത്രമാണ് എച്ച്ആർഎ നൽകുന്നത് എന്ന കേന്ദ്രത്തിന്‍റെ വാദവും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
യൂണിയൻ ഓഫ് ഇന്ത്യ നിർദ്ദേശിച്ച രീതിയിൽ സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് റൂള്‍സ് 61 വ്യാഖ്യാനിക്കുകയാണെങ്കില്‍ അത് വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരന് അര്‍ഹതപ്പെട്ട തീയതി മുതൽ തൊഴിലുടമ എച്ച്ആർഎ നൽകണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിയെ തടുക്കാന്‍ യാതൊരു കാരണവും കാണുന്നില്ലെന്നും അതിനാല്‍ വിധി ചോദ്യം ചെയ്‌ത് യൂണിയന്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീലുകൾ തള്ളുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
എച്ച്ആര്‍എ തുക മൂന്ന് മാസത്തിനകം ഹര്‍ജിക്കാരന് നല്‍കണമെന്ന് ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ നല്‍കിയില്ലെങ്കിൽ, ഹൈക്കോടതി ഉത്തരവിട്ടതു പോലെ 8% പലിശ നല്‍കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ച തീയതി മുതലായിരിക്കും പലിശ കണക്കാക്കുക എന്നും സുപ്രീം കോടതി പറഞ്ഞു.
Also Read : ശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യം; ആൾദൈവം ആശാറാം ബാപ്പുവിന്‍റ ഹർജി തള്ളി സുപ്രീം കോടതി