ഹൈദരാബാദ്: തെലങ്കാനയിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ. നിശ്ചിത വിലയ്ക്ക് കുട്ടികളെ വിൽപന നടത്തുന്ന അന്തർ സംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിനെയാണ് മേഡിപ്പള്ളി പൊലീസ് പിടികൂടിയത്. ഡൽഹി, പൂനെ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് തെലങ്കാന, എപി സംസ്ഥാനങ്ങളിൽ വിൽപന നടത്തിയ സംഘത്തിലെ 11 പേരാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്.
2-3 വര്‍ഷത്തിനുള്ളില്‍ സംഘം 60-ഓളം കുട്ടികളെ വിറ്റതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവരില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ കുട്ടികളെ ശിശുവിഹാറിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ അവരെ വിട്ടുനല്‍കില്ലെന്ന് ദത്തെടുത്ത മാതാപിതാക്കൾ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാചകൊണ്ട പൊലീസ് കമ്മീഷണർ തരുൺ ജോഷി പുറത്തുവിട്ടത്. കേസില്‍ പ്രതികളായ മേഡ്‌ചൽ മൽകജ്‌ഗിരി ജില്ലയിലെ രാമകൃഷ്‌ണ നഗറിൽ ഫസ്‌റ്റ് എയ്‌ഡ് ക്ലിനിക് നടത്തുന്ന ശോഭാറാണി, ബോഡുപാലിൽ നിന്നുള്ള ഹേമലതയും ഷെയ്ഖ് സലീമും ഘട്‌കേസറിലുള്ള അമ്മയും മകളും, ബണ്ടാരി പത്മ, ഹരിഹരചേതൻ എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന് വന്ധ്യത അനുഭവിക്കുന്ന ദമ്പതികളെ തിരിച്ചറിയാൻ ഒരു സംഘം രൂപീകരിക്കുന്നു. പിന്നാലെ സംഘം ഇവരെ സമീപിക്കുകയും കുട്ടികളെ നോക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കളെ തങ്ങള്‍ക്ക് അറിയാമെന്നും പറയുന്നു.
കൂടാതെ, ഇവര്‍ കുട്ടികളെ വില്‍ക്കാൻ തയ്യാറാണെന്നും സംഘം കുട്ടികളില്ലാത്ത ദമ്പതികളെ അറിയിക്കും. ഓരോ വ്യക്തികളെയും ആശ്രയിച്ച് ഒരു കുട്ടിക്ക് 2 മുതല്‍ 6 ലക്ഷം വരെയാണ് സംഘം വിലയിട്ടിരുന്നത്. ഈ തുക നല്‍കി കുട്ടികളെ സ്വന്തമാക്കാൻ ആരെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഇവര്‍ സംഘത്തിലെ മറ്റുള്ളവരെ വിവരമറിയിക്കും.
ഹൈദരാബാദിലെ ചര്‍ലപ്പള്ളി സ്വദേശികളായ മുദാവത്ത് ശാരദ, പത്താൻ മുംതാസ്, ജഗന്നാഥം അനുരാധ, യത മമത, മഹബൂബ്‌നഗര്‍ സ്വദേശി രാജു, വിജയവാഡ സ്വദേശി സരോജ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. ഡല്‍ഹിയിലെ കിരണ്‍, പൂനെയിലെ പ്രീതി, കണ്ണയ്യ എന്നിവരായിരുന്നു ഇവര്‍ക്ക് കുട്ടികളെ കൈമാറിയിരുന്നത്. ഇവര്‍ക്ക് കുട്ടികളെ എവിടെ നിന്നാണ് കിട്ടിയിരുന്നത് എന്നത് കണ്ടെത്താനായിട്ടില്ല. കുട്ടികളെ കൈമാറുന്നതിന് മൂവര്‍സംഘം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കമ്മിഷനായി കൈപറ്റിയിരുന്നു. ഇവരെ മൂന്ന് പേരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, സംഘത്തിലെ മറ്റ് 11 പ്രതികളും പിടിയിലായിട്ടുണ്ടെന്നും അന്വേഷണസംഘത്തിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ശോഭാറാണി, ഹേമലത എന്നിവര്‍ കുട്ടികളെ വില്‍പ്പന നടത്തുന്ന വിവരം അക്ഷരജ്യോതി ഫൗണ്ടേഷനിലെ അഡ്‌മിനിസ്‌ട്രേറ്റര്‍മാരും സായ് കുമാറെന്ന യുവാവും ചേര്‍ന്നാണ് പൊലീസില്‍ അറിയിക്കുന്നത്. ഇതിന് പിന്നാലെ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് പൊലീസ് ഉള്‍പ്പടെയുള്ള സംഘം പ്രതികളിലേക്ക് എത്തിയത്.
അതേസമയം, അനധികൃതമായി കുട്ടികളെ വാങ്ങിയ 16 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. തെലങ്കാനയിലുള്ള 9 പേര്‍ക്കെതിരെയും ആന്ധ്രാപ്രദേശിലെ ഏഴ് പേര്‍ക്കെതിരെയുമാണ് കേസ്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.