ഡൽഹി : ഡൽഹിയിലെ കേശാപൂരിൽ കുട്ടി കുഴൽ കിണറിൽ വീണു. കേശാപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡ് പ്ലാന്‍റിനുള്ളിലെ കിണറ്റിലാണ് കുട്ടി വീണത്. കുഴൽ കിണറിന് 40 - 50 അടി താഴ്‌ചയുണ്ട് (Child Falls Into Borewell In Delhi, Keshopur).
ഡൽഹി ഫയർ സർവീസ് (DFS) നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, (NDRF), ഡൽഹി പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. അഞ്ച് അഗ്നിശമനസേന യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. എൻ ഡി ആർ എഫ് രക്ഷാപ്രവർത്തനം നടത്തുന്നത് ഇൻസ്‌പെക്‌ടർ ഇൻ ചാർജ് വീർ പ്രതാപ് സിങ്ങിൻ്റെ നേതൃത്വത്തിലാണ്.
കുട്ടി വീണ കുഴൽ കിണറിന് സമാനമായി ഒരു കുഴി എടുത്താണ് രക്ഷാപ്രവർത്തനം നടത്താനിരിക്കുന്നത്. ഇതിന് അൽപം സമയമെടുക്കുമെന്നും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ കുറച്ച് സമയംകൂടെ കാത്തിരിക്കണമെന്നും ഇൻസ്‌പെക്‌ടർ ഇൻ ചാർജ് വീർ പ്രതാപ് സിങ് പറഞ്ഞു. സമാനമായ സംഭവം ഫെബ്രുവരിയിലും ജനുവരിയിലും ഉണ്ടായിരുന്നു. ഫെബ്രുവരി മാസത്തിൽ ഗുജറാത്തിലെ ജാംനഗർ ഗോവന ഗ്രാമത്തിൽ രണ്ടു വയസുകാരൻ കുഴൽ കിണറിൽ വീണിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ജനുവരിയിലും ഗുജറാത്തില്‍ തന്നെയായിരുന്നു അപകടം ഉണ്ടായത്. കളിക്കുന്നതിനിടയിൽ കുഴല്‍ കിണറില്‍ വീണ് മൂന്ന് വയസുകാരി മരിച്ചിരുന്നു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാണിലാണ് സംഭവം. ജനുവരി 1ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കുട്ടി അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണത്.
30 അടി താഴ്‌ചയിലേക്കാണ് കുട്ടി വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സ്ഥലത്തെത്തി കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തി (Girl Fell Into Borewell Dies). മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി കുഞ്ഞിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തു. അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ ജാം ഖംഭാലിയയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also read : 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കുഴല്‍ കിണറില്‍ വീണ 2 വയസുകാരനെ പുറത്തെടുത്തു