കച്ചാർ (അസം) : ഹൈലക്കണ്ടിയിൽ പന്നിപ്പനി ബാധിച്ച് കുട്ടി മരിച്ചു. ഫർഹാന ഖാനം ആണ് മരിച്ചത്. പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പന്നിപ്പനിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കാച്ചാറിൽ പന്നിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. നാല് കുട്ടികളടക്കം അഞ്ച് പേർ പന്നിപ്പനി ബാധിച്ച് സിൽചാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 3, 4, 5 മാസം പ്രായമുള്ള കുട്ടികളാണ് പന്നിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്.
'കുട്ടികളടക്കം അഞ്ചുപേരെ കഴിഞ്ഞ ഒരാഴ്‌ചയായി പന്നിപ്പനി ബാധിച്ച് സിൽചാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ രണ്ടുപേരെ സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിച്ചു. ചികിത്സയിലുള്ള മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പന്നിപ്പനിയെച്ചൊല്ലി ആളുകള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെ'ന്ന് സിൽചാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഭാസ്‌കർ ഗുപ്‌ത പറഞ്ഞു.
മുൻകരുതലുകൾ എടുത്താൽ ഈ രോഗത്തിൽ നിന്ന് രക്ഷനേടാം. ഈ കാലയളവിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ഡോ. ഗുപ്‌ത നിര്‍ദേശിച്ചു.
പന്നികളിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് പന്നിപ്പനി. 1930 ൽ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തിയത്. കണക്കുകൾ പ്രകാരം 2013 ൽ ഇന്ത്യയിൽ 700 പേർ മരിച്ചു. പന്നിപ്പനി വൈറസ് മൂലമുണ്ടാകുന്നത് ശ്വാസകോശ സംബന്ധമായ രോഗമാണ്.
ഇതിന്‍റെ പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസ് എ ആണ്. രോഗം ബാധിച്ച രോഗികൾക്ക് തുമ്മൽ, ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ന്യുമോണിയ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവാറുള്ളത്. കുട്ടികളിൽ രോഗം വളരെ വേഗത്തിൽ ബാധിക്കപ്പെടുന്നു.
ALSO READ: യുവാവിനെ കോൺക്രീറ്റ് മിക്‌സറിലിട്ട് കൊന്ന സംഭവം; കേസ് തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിലൂടെ