ഛത്രപതി സംഭാജിനഗർ : മഹാരാഷ്ട്രയിലെ ഔറംഗബാദിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. കൻ്റോൺമെൻ്റ് ഏരിയയിലെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ക്യാമ്പ് ഏരിയയിലെ ജൈന ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളടക്കം ആറ് പേരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൻ്റോൺമെൻ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും കൻ്റോൺമെൻ്റ് പൊലീസും സ്ഥലത്തെത്തി തീ നിയന്ത്ര വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹങ്ങൾ ഘാട്ടി ആശുപത്രിയിലേക്ക് മാറ്റി.