ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് നിരവധി പേര്‍ അറസ്റ്റില്‍. ബല്ലിയ ജില്ലയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ വനം, ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കമാണ് പിടിയിലായത്. പിടിയിലായ മൂന്ന് പേര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളാണ്(police constable recruitment exam).
പരീക്ഷ അട്ടിമറിക്കാനുള്ള മൂന്ന് സംഘങ്ങളുടെ ശ്രമം തകര്‍ത്തതായും ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജന്‍ വര്‍മ്മ പറഞ്ഞു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ലാബ് ടെക്‌നീഷ്യനായ അഭയ്‌കുമാര്‍ ശ്രീവാസ്‌തവ, മധ്യപ്രദേശിലെ കാന്തി ജില്ലയിലെ വനം വകുപ്പ് കോണ്‍സ്റ്റബിള്‍ ഫത്തേബഹാദൂര്‍ രാജ്ഭര്‍ തുടങ്ങിയവരും ആള്‍മാറാട്ടക്കാരായി പരീക്ഷയ്ക്കെത്തിയ മൂന്ന് പേരും പിടിയിലായി(More than 100 arrested).
ഗോണ്ട ജില്ലയിലും പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരിലൊരാള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയ്ക്ക് എത്തിയതാണ്(UP police recruitment).
ബിഹാറിലെ നളന്ദ ജില്ലയിലെ കുന്ദന്‍കുമാര്‍ ചൗധരിയെ ശനിയാഴ്‌ച വൈകിട്ട് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്‌തു. നവാബ്‌ഗഞ്ച് നഗരത്തിലെ പരീക്ഷ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഗോണ്ട പൊലീസ് സൂപ്രണ്ട് വീനിത് ജയ്‌സ്വാള്‍ പറഞ്ഞു. ജില്ലയിലെ മങ്കാപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ തന്‍മയ് സിംഗിന് പകരം പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു കുന്ദന്‍കുമാര്‍ ചൗധരി.
പരീക്ഷക്ക് അപേക്ഷിച്ച തന്‍മയിനെയും ഹരീന്ദ്ര കുമാറിനെയും ഞായറാഴ്ച അറസ്റ്റ് ചെയ്‌തു. ആറ് ലക്ഷം രൂപയ്ക്കാണ് ചൗധരി രണ്ട് പരീക്ഷാര്‍ത്ഥികളുമായി കരാര്‍ ഉറപ്പിച്ചിരുന്നത്. തന്‍മയിന് വേണ്ടി നവാബ്‌ഗഞ്ചിലെ പരീക്ഷാ കേന്ദ്രത്തില്‍ ശനിയാഴ്ചയും ഹരീന്ദ്രയ്ക്ക് വേണ്ടി ഞായറാഴ്ചയും ഇയാളാണ് ഹാജരായത്. മൂവര്‍ക്കെതിരെയും നവാബ്‌ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു.
സംസ്ഥാനത്തുടനീളം നിന്നായി രണ്ട് ദിവസങ്ങളിലായി നൂറോളം പേരെ പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ 122 പേരില്‍ 15 പേര്‍ ഇറ്റയില്‍ നിന്നുള്ളവരാണെന്ന് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍ അറിയിച്ചു. മൗ, പ്രയാഗ് രാജ്, സിദ്ധാര്‍ത്ഥ് നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒന്‍പതുപേരെ വീതവും ഗാസിയ ബാദില്‍ നിന്ന് എട്ടുപേരെയും അസംഗഡില്‍ നിന്ന് ഏഴുപേരെയും അറസ്റ്റ് ചെയ്‌തു. ഗോരഖ്പൂര്‍ ആറ്, ജവൗന്‍പൂര്‍ അഞ്ച്, ഫിറോസാബാദ് നാല്. കൗശമ്പി, ഹത്രസ് മേഖലകളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ഝാന്‍സി, വാരണസി, ആഗ്ര, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ബല്ലിയ, ദിയോറിയ, ബിജ്‌നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് പിടിയിലായത്.
ലഖ്‌നൗവിലെ ഗോമതി നഗര്‍ മേഖലയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസ് മേധാവി മിന്നല്‍ പരിശോധന നടത്തി. ഫെബ്രുവരി പതിനേഴ്, പതിനെട്ട് തീയതികളിലായി നടന്ന പരീക്ഷയില്‍ 48 ലക്ഷത്തിലധികം പേരാണ് ഹാജരായത്.