ആന്ധ്രാപ്രദേശ് : ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ജനസേന അധ്യക്ഷൻ പവൻ കല്യാണും ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷും മറ്റ് 22 മന്ത്രിമാരും നായിഡുവിന് ശേഷം സത്യപ്രതിജ്ഞ ചെയ്‌തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായുളള നായിഡുവിന്‍റെ നാലാമൂഴത്തിന് തുടക്കമായത് വിജയവാഡയ്ക്കടുത്തുളള ഗന്നവാരത്തു നിന്നാണ്. ഗന്നവാരം വിമാനത്താവളത്തിനടുത്ത് കെസരപ്പള്ളിയില്‍ ചന്ദ്രബാബു നായിഡു തന്നെ കെട്ടിപ്പടുത്ത ഐടി പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിനുളള വേദി ഒരുക്കിയത്. രാവിലെ 11:27 നായിരുന്നു മുഖ്യമന്ത്രിയായി നായിഡു സത്യപ്രതിജ്ഞ ചൊല്ലിയത്.
സത്യപ്രതിജ്ഞ ചടങ്ങ് പ്രധാനമന്ത്രിയടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടേയും ചലച്ചിത്ര താരനിരയുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. എന്‍ഡിഎ ഘടകകക്ഷി നേതാക്കളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്ന വേദി എന്‍ഡിഎ യുടെ ശക്തി പ്രകടനവേദിയായി. പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രസിഡന്‍റും ആരോഗ്യ വകുപ്പ് മന്ത്രിയുമായ ജെപി നദ്ദ, , ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി, കല്‍ക്കരി വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി ,കേന്ദ്ര മന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. എന്‍ഡിഎ ഘടകകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാന്‍, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, എന്നിവരും ചടങ്ങിനെത്തി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നായിഡു വേദിയില്‍ വച്ച് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്‌തതും ശ്രദ്ധേയമായി.
ആന്ധ്ര ഗവർണർ എസ് അബ്‌ദുൾ നസീർ, തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എൻസിപി നേതാവ് പ്രഫുൽ പട്ടേലും ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയവാഡയിലെത്തി. ചന്ദ്രബാബു നായിഡുവും പവൻ കല്യാണും ഒരുമിച്ചുളള ടീം നല്ല രീതിയിൽ പ്രവർത്തിക്കുകയും ആന്ധ്രാപ്രദേശിനെ മാറ്റുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് പ്രഫുൽ പട്ടേല്‍ പറഞ്ഞു.
ചലച്ചിത്ര താരങ്ങളുടെ സംഗമവേദി കൂടിയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചിരഞ്ജീവി, രാം ചരൺ, നന്ദമുരി ബാലകൃഷ്‌ണ തുടങ്ങി തെലുഗു സിനിമ മേഖലയിലെ പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. തമിഴ് നടൻ രജനീകാന്ത് ഭാര്യ ലത രജനികാന്തിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു.