ന്യൂഡൽഹി: ഭക്ഷ്യവസ്‌തുക്കളിലെ കീടനാശിനികളില്‍ ഏറ്റവും കർശനമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് കേന്ദ്ര സർക്കാർ. സുഗന്ധ ദ്രവ്യങ്ങളിലും ഔഷധ സസ്യങ്ങളിലും ഉയർന്ന അളവിലുള്ള കീടനാശിനി അവശിഷ്‌ടങ്ങൾ എഫ്എസ്എസ്എഐ അനുവദിക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്‍റെ പരാമര്‍ശം.
മുൻനിര ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്‌റ്റ് എന്നിവയുടെ സാമ്പിളുകളിൽ കീടനാശിനി എഥിലീൻ ഓക്‌സൈഡിന്‍റെ സാന്നിധ്യം ആരോപിച്ച് ഹോങ്കോങ് ഫുഡ് റെഗുലേറ്ററി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. എവറസ്‌റ്റ് ബ്രാൻഡിന്‍റെ ഒരു സുഗന്ധ വ്യഞ്ജന ഉത്പന്നം തിരിച്ചുവിളിക്കാൻ സിംഗപ്പോർ ഫുഡ് റെഗുലേറ്ററും ഉത്തരവിട്ടിരുന്നു.
ആഭ്യന്തര വിപണികളിൽ വിൽക്കുന്ന എംഡിഎച്ച്, എവറസ്‌റ്റ് എന്നിവ ഉൾപ്പെടെയുള്ള ബ്രാൻഡഡ് സുഗന്ധ വ്യഞ്ജനങ്ങളുടെ സാമ്പിളുകളുടെ ഗുണനിലവാരം എഫ്എസ്എസ്എഐ പരിശോധിക്കുന്നുണ്ടെന്നും കയറ്റുമതി ചെയ്യുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ ഗുണ നിലവാരം നിയന്ത്രിക്കുന്നത് എഫ്എസ്എസ്എഐ അല്ല എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വ്യത്യസ്‌ത കീടനാശിനി പരിധിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) 10 മടങ്ങ് കൂടുതൽ കീടനാശിനി അവശിഷ്‌ടങ്ങൾ ഔഷധ സസ്യങ്ങളിലും സുഗന്ധ വ്യഞ്ജനങ്ങളിലും അനുവദിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റായതും ദുരുദ്ദേശപരവുമാണെന്ന് മന്ത്രാലയം പറഞ്ഞു.
1968-ലെ കീടനാശിനി നിയമം പ്രകാരം രൂപീകരിച്ച സെൻട്രൽ ഇൻസെക്‌ടിസൈഡ് ബോർഡും രജിസ്ട്രേഷൻ കമ്മിറ്റിയും (CIB & RC) മുഖേന കൃഷി മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ CIB & RC രജിസ്‌റ്റർ ചെയ്‌ത മൊത്തം കീടനാശിനികൾ 295-ലധികമാണ്, അതിൽ 139 കീടനാശിനികൾ സുഗന്ധ വ്യഞ്ജനങ്ങളിൽ ഉപയോഗിക്കുന്നതിനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.