ഡെറാഡൂൺ : സിഡിഎസ്‌സിഒയുടെ പരിശോധനയിൽ എട്ടോളം മരുന്ന് സാമ്പിളുകൾ പരാജയപ്പെട്ടു. ഉത്തരാഖണ്ഡിൽ നിർമിച്ച മരുന്ന് സാമ്പിളുകളാണ് മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ രാജ്യത്തുടനീളമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും നിലവാരവും പതിവായി പരിശോധിക്കുന്നുണ്ട്.
മെയ് മാസത്തില്‍ സിഡിഎസ്‌സിഒ ഇന്ത്യയിലെ എല്ലാ ഫാർമ കമ്പനികളിൽ നിന്നും മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് സംഘടന റിപ്പോർട്ട് പുറത്തുവിട്ടത്. ഇതനുസരിച്ച്, 39 മരുന്നുകൾ ആവശ്യമായ നിലവാരം പുലർത്താത്തതിനാൽ സിഡിഎസ്‌സിഒ ഇക്കാര്യത്തിൽ ജാഗ്രത നിർദേശം നൽകി. ഉത്തരാഖണ്ഡിൽ നിർമിക്കുന്ന മരുന്നുകളുടെ സാമ്പിളുകൾ കഴിഞ്ഞ മൂന്ന് മാസമായി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുകയാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉത്തരാഖണ്ഡിലെ ഫാർമ കമ്പനികൾ നിർമിച്ച 30 മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. റൂർക്കി, ഹരിദ്വാർ, ഡെറാഡൂൺ എന്നിവിടങ്ങളിലാണ് ഈ കമ്പനികൾ സ്ഥിതി ചെയ്യുന്നത്. മാർച്ചിൽ, 10 മരുന്നുകളുടെ സാമ്പിളുകൾ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഏപ്രിലിൽ, 10 ഫാർമ കമ്പനികളിൽ നിന്നുള്ള 12 മരുന്നുകളുടെ സാമ്പിളുകൾക്ക് യോഗ്യത നേടാനായില്ല.
റൂർക്കി ആസ്ഥാനമായുള്ള കമ്പനിയുടെ ലാക്‌സുലോസ് സൊല്യൂഷൻ, ഓഫ്‌ലോക്‌സാസിൻ ഒറാന്‍റസോൾ ഗുളിക, അമോക്‌സിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, മെട്രോണിഡാസോൾ എക്‌സ്‌റ്റൻഡഡ് റിലീസ് മരുന്ന്, ഫ്ലൂക്കോണസോൾ ടാബ്‌ലെറ്റ്, കാൽസ്യം-വിറ്റാമിൻ ഡി ടാബ്‌ലെറ്റ് എന്നിവ പരിശോധനയിൽ പരാജയപ്പെട്ടതായി സിഡിഎസ്‌സിഒ റിപ്പോർട്ട് ചെയ്യുന്നു. ഇതുകൂടാതെ, ഡെറാഡൂൺ ആസ്ഥാനമായുള്ള കമ്പനിയുടെ അട്രോപിൻ സൾഫേറ്റ് കുത്തിവയ്പ്പും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.