ന്യൂഡൽഹി : സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ പുതിയ നീക്കത്തിലൂടെ കൂടുതൽ അവസരങ്ങളാണ് യുവ അത്‌ലറ്റുകൾക്ക് ലഭിക്കുക.
അതേസമയം ഉത്തർപ്രദേശിലെ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സിബിഎസ്ഇ ബോർഡ് സ്‌കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി' (സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ) എന്നറിയപ്പെടുന്ന സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്‌പോർട്‌സ് ഇവൻ്റുകൾ സംഘടിപ്പിക്കാനും എസ്‌ജിഎഫ്ഐയും മറ്റ് സ്‌പോർട്‌സ് ബോഡികളും നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഈ സ്ഥാപനം സിബിഎസ്ഇയുടെ പേര് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
നിരവധി സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകൾ അറിവില്ലായ്‌മ കാരണം സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ സിബിഎസ്ഇ-ഡബ്ല്യുഎസ്ഒയുമായി യാതൊരു തരത്തിലും ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ബിഎസ്ഇ അംഗീകരിക്കാത്തതിനാൽ ഈ സ്ഥാപനം സംഘടിപ്പിക്കുന്ന കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്‌താൽ അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് വാർത്ത കുറിപ്പിലൂടെ സിബിഎസ്ഇ അറിയിച്ചു.