കൊൽക്കത്ത : സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഹഫ്‌സുല്‍ ഖാന്‍റെ സഹായിയുടെ വീട്ടില്‍ നിന്ന് വൻ ആയുധശേഖരം പിടികൂടി സിബിഐ. ഹഫ്‌സുല്‍ ഖാന്‍റെ ബന്ധു കൂടിയായ അബു താലിബിന്‍റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്. തോക്കുകളും മറ്റ് മാരകായുധങ്ങളുമാണ് പിടിച്ചെടുത്തത്.
വിദേശ നിർമ്മിത റിവോൾവറുകൾ, ഇന്ത്യൻ റിവോൾവർ, പൊലീസ് റിവോൾവർ, വിദേശ നിർമ്മിത പിസ്റ്റൾ, ബുള്ളറ്റുകൾ, കാട്രിഡ്‌ജുകള്‍ എന്നിവയും സിബിഐ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അഞ്ച് അംഗ സംഘം നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്.
'ഇഡിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ (പശ്ചിമ ബംഗാൾ) നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലിയിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിദേശ നിർമ്മിത പിസ്റ്റളും റിവോൾവറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സിബിഐ കണ്ടെടുത്തു'- സിബിഐയുടെ പ്രസ്‌താവനയിൽ പറയുന്നു.
ജനുവരി 5-ന് ആണ് സന്ദേശ്‌ഖാലിയില്‍ നിന്ന് ഇഡി സംഘത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ വസതിയിൽ റെയ്‌ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
Also Read : റേഷൻ വിതരണ അഴിമതി കേസ്; റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പരാതിയുമായി ഇഡി