അമരാവതി : അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 7 കോടി രൂപ. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. നല്ലജർള മണ്ഡലത്തിലെ അനന്തപ്പള്ളിയിൽ, ലോറിയിടിച്ച് മറിഞ്ഞ വാഹനത്തിൽ നിന്നാണ് ഏഴ് പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ പണം പിടികൂടിയത്.
അപകടത്തിന് പിന്നാലെ കാർഡ്ബോർഡ് പെട്ടികൾ വാഹനത്തിൽ നിന്ന് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാഹനം വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇയാളെ ഗോപാലപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെട്ടികളിൽ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ ഉദ്യോഗസ്ഥര്‍ എണ്ണുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആന്ധ്രാപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്‌ച എൻടിആർ ജില്ലയിൽ ഒരു ട്രക്കിൽ നിന്ന് 8 കോടി രൂപ പൊലീസ് കണ്ടെടുത്തിരിന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വ്യാപകമായ സുരക്ഷ പരിശോധനകള്‍ നടക്കുന്നുണ്ട്.