ബിജ്‌നോർ: ഉത്തർപ്രദേശില്‍ പൊതുസമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. അംറോഹ എംഎൽഎയും മുൻ മന്ത്രിയുമായ മെഹബൂബ് അലിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതിനാൽ ബിജെപി ഭരണം ഉടന്‍ അവസാനിക്കുമെന്നായിരുന്നു മെഹബൂബ് അലിയുടെ പരാമര്‍ശം.
ബിജ്‌നോറിൽ നടന്ന സംവിധാൻ മാനസ്‌തംഭ സ്ഥാപന പരിപാടിയില്‍ സംസാരിക്കവേയാണ് എസ്‌പി നേതാവിന്‍റെ വിവാദ പരാമര്‍ശം. അലിയുടെ പരാമർശത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വേദിയില്‍ മെഹബൂബ് അലിക്ക് ഒപ്പമുണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ബിജ്‌നോർ ജില്ല പ്രസിഡന്‍റ് ഷെയ്ഖ് സക്കീർ ഹുസൈനെതിരെയും കേസെടുത്തിട്ടുണ്ട്.
നിലവിലെ സർക്കാർ ഭരണഘടന വിരുദ്ധവും സംവരണ വിരുദ്ധവുമാണെന്നും മെഹബൂബ് അലി കുറ്റപ്പെടുത്തി. 'നിങ്ങൾ തീർച്ചയായും 2027 ൽ പുറത്ത് പോകും. തീർച്ചയായും നിങ്ങളുടെ സ്ഥാനത്ത് ഞങ്ങൾ വരും. ഈ രാജ്യത്തെ ഓരോ വ്യക്തിയും സമാധാനം ആഗ്രഹിക്കുന്നു.
സമാധാനത്തിന് മുകളില്‍ ഒന്നുമില്ല. മുസ്‌ലിംകളുടെ ജനസംഖ്യ വർദ്ധിക്കുന്നതിനാൽ നിങ്ങളുടെ ഭരണം അവസാനിക്കും. ഇന്ത്യയിലെ ജനങ്ങൾ ഉണർന്നുവെന്ന് ഭരണത്തില്‍ ഇരിക്കുന്നവര്‍ അറിഞ്ഞിരിക്കണം.'- മെഹബൂബ് അലി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സർക്കാർ എല്ലാം വിറ്റഴിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അലി, റെയിൽവേ, ടെലികോം, എൽഐസി, വിമാനത്താവളങ്ങൾ തുടങ്ങി രാജ്യത്തെ പോലും കേന്ദ്രം വിറ്റുവെന്ന് ആരോപിച്ചു. ജനങ്ങൾ എല്ലാം മനസിലായിക്കഴിഞ്ഞു. അവർ വീണ്ടും അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും മെഹബൂബ് അലി പറഞ്ഞു.
അതേസമയം 2002-ൽ ആണ് മെഹബൂബ് അലി ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2007ൽ യുപി നിയമസഭ തെരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ മത്സരിച്ച്, 2007, 2012, 2017 വർഷങ്ങളിൽ ഹാട്രിക് വിജയം നേടി. അഖിലേഷ് യാദവ് സര്‍ക്കാരില്‍ പട്ടുനൂൽ ഉൽപാദന, ടെക്‌സ്റ്റൈല്‍സ് മന്ത്രിയായിരുന്നു.
Also Read: "കോൺഗ്രസ് പാർട്ടിയെന്നാൽ മോശം ഭരണവും അഴിമതിയും": ജെപി നദ്ദ