കൊൽക്കത്ത: കൊൽക്കത്ത മുൻ ഹൈക്കോടതി ജഡ്‌ജിയും പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂരിൽ തംലുക്ക് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ അഭിജിത് ഗംഗോപാധ്യായക്കെതിരെ കേസെടുത്ത് പൊലീസ്. പിരിച്ചുവിട്ട സ്‌കൂൾ ജീവനക്കാരെ പ്രതിഷേധ സ്ഥലത്ത് വെച്ച് ആക്രമിച്ചതിനാണ് അഭിജിത് ഗംഗോപാധ്യായയ്ക്കും ചില പാർട്ടി പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്‌തത്.
ഹൈക്കോടതി വിധിയെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട 25,753 അധ്യാപക-അനധ്യാപക ജീവനക്കാരിൽ ഒരു വിഭാഗം നൽകിയ പരാതിയിലാണ് തംലൂക്ക് പൊലീസ് കേസെടുത്തത്. മേയ് നാലിന്, ഗംഗോപാധ്യായ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ബിജെപി അനുഭാവികൾ നടത്തിയ ജാഥ, ജോലി നഷ്‌ടമായ അധ്യാപകര്‍ പ്രകടനം നടത്തുന്ന പ്രദേശത്ത് കൂടി കടന്നുപോകുമ്പോഴാണ് സംഘർഷം ഉടലെടുത്തത്.
ഗംഗോപാധ്യായയുടെ ജാഥയിലുണ്ടായിരുന്നവര്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധക്കാരെ ആക്രമിച്ചതായി പശ്ചിമ ബംഗാൾ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് മൈദുൽ ഇസ്‌ലാം പറഞ്ഞു. നിരാഹാര സമരം നടത്തിയവര്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടവരെ ഉടൻ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, വ്യാജ ആരോപണങ്ങള്‍ അടിസ്ഥാനമാക്കി രജിസ്‌റ്റര്‍ ചെയ്യുന്ന ഇത്തരം എഫ്ഐആറുകൾ വളരെ സാധാരണമാണെന്നും അതിന്‍റെ ഭവിഷ്യത്ത് നേരിടാൻ തയ്യാറാണെന്നും ഗംഗോപാധ്യായ പ്രതികരിച്ചു. ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എത്രനാൾ നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് കാണണമെന്നും ഗംഗോപാധ്യായ പറഞ്ഞു.
Also Read : 'രാമക്ഷേത്രം സന്ദര്‍ശിച്ചതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്'; ദേശീയ വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു