ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ളടക്കത്തില്‍ മാറ്റം വരുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംവരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കപ്പെട്ടത്.
ഫേസ്‌ബുക്ക്, എക്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയ ചില തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി ആഭ്യന്തര മന്ത്രാലയം നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുമായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഐടി ആക്‌ട് സെക്ഷന്‍ 153/153എ/465/469/171ജി/66സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
അമിത് ഷായുടെ വീഡിയോകളുടെ പ്രചരിപ്പിക്കുന്ന ലിങ്കുകളുടെയും ഹാന്‍ഡിലുകളുടെയും വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ സ്‌പെഷ്യല്‍ സെല്ലിന്‍റെ ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്‌ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്‌എസ്‌ഒ) അന്വേഷണം ആരംഭിച്ചു. നേരത്തെ, 2023 ഏപ്രില്‍ 23ന് തെലങ്കാനയില്‍ നടന്ന വിജയ സങ്കല്‍പ് സഭയില്‍ സംസാരിക്കവെ, തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടനാവിരുദ്ധമായ മുസ്ലിം സംവരണം നിര്‍ത്തലാക്കുമെന്ന് പറഞ്ഞിരുന്നു.