മുംബൈ (മഹാരാഷ്‌ട്ര) : വിമാനത്താവളത്തില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സമീപത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു വാർത്ത ചാനലിന്‍റെ റിപ്പോർട്ടർക്കും വീഡിയോ ജേണലിസ്‌റ്റിനുമെതിരെ കേസെടുത്തു. സബർബൻ വൈൽ പാർലെയിലെ (കിഴക്ക്) ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ ആഭ്യന്തര ടെർമിനലിനോട് ചേർന്നുള്ള പേവാഡി എസ്ആർഎ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തന്‍റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിൽ ഇരുവരും ബലപ്രയോഗത്തിലൂടെ കടന്നുവെന്ന് പരാതിക്കാരൻ ആരോപിച്ചു. തിങ്കളാഴ്‌ച (ഏപ്രിൽ 1) രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈ സന്ദർശിച്ചത്.
പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയിൽ നിന്നും സെക്യൂരിറ്റി ഗാർഡിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞുവെന്നും, എന്നാൽ ബലപ്രയോഗത്തിലൂടെ തന്‍റെ സമ്മതമില്ലാതെയാണ് ഇവർ ഫ്ലാറ്റിൽ പ്രവേശിച്ചതെന്നും 61 കാരനായ റിക്ഷ ഡ്രൈവർ മഹേഷ് പട്ടേലിന്‍റെ പരാതിയിൽ പറയുന്നു. 15 മിനിറ്റോളം എടുത്താണ് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന്‍റെയും മോദിയുടെയും ദൃശ്യങ്ങൾ അവർ തന്‍റെ ഫ്ലാറ്റിന്‍റെ ജനാല വഴി പകർത്തിയതെന്നും, അദ്ദേഹം പരാതിയിൽ പറയുന്നുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 448 (വീട്ടിൽ അതിക്രമിച്ച് കടക്കൽ), 188 (പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവുകൾ അനുസരിക്കാത്തത്), 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം വിലെ പാർലെ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്തെങ്കിലും ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.