ഹാസൻ : കർണാടകയില്‍ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഹാസൻ നഗരത്തിന് സമീപം ദേശീയപാത 75-ൽ കന്ദലി ഗ്രാമത്തിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷന്മാരും ഒരു ആൺകുട്ടിയുമാണ് മരിച്ചത്.
നാരായണപ്പ, സുനന്ദ, രവികുമാർ, നേത്ര, ചേതൻ (കുട്ടി), രാകേഷ് (ഡ്രൈവർ) എന്നിവരാണ് മരിച്ചത്. ചിക്കബെല്ലാപുര്‍ ജില്ലക്കാരായ കുടുംബം മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ കാണാൻ പോയി മടങ്ങവേയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സൈഡ് റോഡിലേക്ക് ചാടി ട്രക്കിൽ ഇടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തകർന്ന കാറിൽ നിന്ന് മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്തത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹാസൻ പൊലീസ് സൂപ്രണ്ട് മുഹമ്മദ് സുചിത സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ ഹാസൻ റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.