ഹാപൂർ (ഉത്തർപ്രദേശ്): ഡൽഹി-ലഖ്‌നൗ ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. ഹാപൂർ ജില്ലയിലെ ഗാർ-കോട്‌വാലി മേഖലയിലാണ് തിങ്കളാഴ്‌ച രാത്രി അപകടം നടന്നത്. അമിതവേഗതയിൽ വന്ന കാർ ഡിവൈഡർ തകർത്ത് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആറ് പേർ മരിച്ചതായി ഹാപൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) രാജ്‌കുമാർ അഗർവാൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവറടക്കം ആകെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേർ സംഭവസ്ഥലത്തുതന്നെ മരപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ദേശീയ പാതയായ ഗഡ് കോട്വാലി ഏരിയയിൽ ബ്രിജ്ഘട്ട് ടോൾ പ്ലാസയ്‌ക്ക് സമീപത്ത് വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡർ തകർത്ത് മറുവശത്ത് എത്തിയ കാർ ആ വഴിയിൽ വന്ന ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മൊറാദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിൻ്റെ ടയർ പൊട്ടിയാകാം അപകടം നടന്നതെന്നും സംശയിക്കുന്നു.
ടയർ പൊട്ടിയതിനെ തുടർന്ന് കാറിൻ്റെ ബാലൻസ് നഷ്‌ടമായെന്നാണ് പ്രാഥമികാന്വേഷണത്തിൽ തോന്നുന്നതെന്ന് എഎസ്‌പി രാജ്‌കുമാർ അഗർവാൾ പറഞ്ഞു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.