പട്‌ന : സംസ്ഥാന പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ ക്രമക്കേട് കാണിച്ചതിന് ബിഹാറിലുടനീളം ആറ് ഉദ്യോഗാർഥികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്. നളന്ദ, ഭോജ്‌പൂർ, പൂർണിയ, സഹർസ, ഭഗൽപൂർ, ബെഗുസാരായി എന്നീ ജില്ലകളിൽ നിന്ന് ഒരാൾ വീതമാണ് അറസ്റ്റിലായത്. പരീക്ഷയ്ക്കിടെ ക്രമക്കേട് കാണിച്ചതിന് അറസ്റ്റ് ചെയ്യാത്ത ഏഴ് ഉദ്യോഗാർഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബിഹാർ പൊലീസ്, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ്, മറ്റ് യൂണിറ്റുകൾ എന്നിവയിലെ 21,391 ഒഴിവുകളിലേക്കാണ് സെൻട്രൽ സെലക്ഷൻ ബോർഡ് ഓഫ് കോൺസ്റ്റബിൾസ് (സിഎസ്ബിസി) പരീക്ഷ നടത്തിയത്. ഓഗസ്റ്റ് ഏഴിന് ആരംഭിച്ച പരീക്ഷ 28 വരെ തുടരും. 17.87 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷയ്‌ക്ക് അപേക്ഷിച്ചത്.