ഇന്തോര്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നിയമനത്തിനായി നടത്തിയ പരീക്ഷയില്‍ വന്‍ ക്രമക്കേട്. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് ഒരു ഉദ്യോഗാര്‍ത്ഥി നേടിയത് 101.66 മാര്‍ക്ക്. മാര്‍ക്കുകള്‍ ഏകീകരിക്കല്‍ നടപടിയാണ് ഇതിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കനത്ത പ്രക്ഷോഭവുമായി രംഗത്ത് ഇറങ്ങി.
സംഭവത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ എഴുതിയ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് ഏകീകരണം നടത്തുന്നത്. ഇതില്‍ ആര്‍ക്കും നേട്ടവും കോട്ടവും ഉണ്ടാകുന്നില്ല. എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്‌കോറുകള്‍ ഒരേ തരത്തില്‍ വേണം ഏകീകരിക്കാനെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒരേ വിഷയത്തില്‍ വിവിധ സെഷനുകളിലായി പരീക്ഷ നടത്തേണ്ടി വന്നതാണ് ഏകീകരണത്തിന് ഇടയാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തൊഴിലന്വേഷകരായ ഒരു പറ്റം യുവാക്കള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രി മോഹന്‍ യാദവിന് നിവേദനവും നല്‍കിയിട്ടുണ്ട്.
വനം-ജയില്‍ വകുപ്പ് റിക്രൂട്ട്മെന്‍റിന് വേണ്ടി നടത്തിയ പരീക്ഷയിലാണ് ക്രമക്കേട്. റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ത്ഥിക്ക് നൂറില്‍ 101.66 മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം പതിമൂന്നിനാണ് പരീക്ഷാ ഫലം പുറത്ത് വന്നത്.
വിവാദം ഉയര്‍ന്നതോടെ ഇത് ഏകീകരണത്തില്‍ സംഭവിച്ചതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്ത് എത്തി. നിയമപ്രകാരം ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കിനെക്കാള്‍ കൂടുതല്‍ കിട്ടാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൂജ്യത്തേക്കാള്‍ കുറവും കിട്ടാറുണ്ട്.
എന്നാല്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ ഗോപാല്‍ പ്രജാപത് മാധ്യമങ്ങളോട് പറഞ്ഞു. അസാധാരണമായ ഈ ഏകീകരണത്തിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയില്ലാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Also Read: മധ്യപ്രദേശിലെ 32 വൈസ്‌ചാന്‍സലര്‍മാര്‍ അയോഗ്യരെന്ന് കണ്ടെത്തല്‍