കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സർക്കാർ സ്‌പോൺസേഡ്, എയ്‌ഡഡ് സ്‌കൂളുകളിലെ സ്റ്റേറ്റ് ലെവൽ സെലക്ഷൻ ടെസ്‌റ്റ്-2016 (എസ്എൽഎസ്‌ടി) റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കൽക്കട്ട ഹൈക്കോടതി അസാധുവാക്കി. ജസ്‌റ്റിസുമാരായ ദെബാങ്‌സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ടെസ്‌റ്റ് വഴി നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ ഉത്തരവിട്ടത്. ഇതോടെ ഏകദേശം 24,000 അധ്യാപക-അനധ്യാപക ജോലിയാണ് നഷ്‌ടപ്പെടാന്‍ പോകുന്നത്.
നിയമന നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ഹൈക്കോടതി നിർദേശിച്ചു. പുതിയ നിയമന നടപടികൾ ആരംഭിക്കാൻ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനോടും ബെഞ്ച് നിർദേശിച്ചു.
24,640 ഒഴിവുള്ള തസ്‌തികകളിലേക്ക് 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എസ്എൽഎസ്‌ടി-2016 പരീക്ഷ എഴുതിയിരുന്നു. ആകെ 25,753 അപ്പോയിന്‍മെന്‍റ് ലെറ്ററുകള്‍ നൽകിയതായി ഹരജിക്കാരിൽ ചിലരുടെ അഭിഭാഷകൻ ഫിർദൗസ് ഷമീം കോടതിയെ അറിയിച്ചു. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ഹർജിയും ഡിവിഷൻ ബെഞ്ച് തള്ളി.
2023 നവംബർ 9-ന് സുപ്രീം കോടതി നല്‍കിയ നിർദേശ പ്രകാരമാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിവിഷൻ ബെഞ്ച് രൂപീകരിച്ച്, ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഹർജികളും അപ്പീലുകളും പരിഗണിച്ചത്. എസ്എൽഎസ്‌ടി 2016-ൽ ഹാജരായിട്ടും ജോലി ലഭിക്കാത്ത ചില ഉദ്യോഗാർത്ഥികളാണ് റിട്ട് ഹരജി സമര്‍പ്പിച്ചത്.
തുടര്‍ന്ന് റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ ജസ്‌റ്റിസ് അഭിജിത് ഗംഗോപാധ്യായ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. മാർച്ച് 20-ന് ആണ് ഈ വിഷയങ്ങളിൽ വാദം കേൾക്കൽ പൂര്‍ത്തിയായത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിരവധി നിയമനങ്ങള്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നിർദേശ പ്രകാരം സിബിഐ ഈ വിഷയങ്ങളിൽ അന്വേഷണം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനിൽ (എസ്എസ്‌സി) സ്ഥാനങ്ങൾ വഹിച്ചിരുന്ന മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും ചില ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസി അറസ്‌റ്റും ചെയ്‌തിരുന്നു.
ഉത്തരവ് നിയമ വിരുദ്ധമെന്ന് മമത ബാനർജി
2016 -ലെ അധ്യാപക റിക്രൂട്ട്‌മെന്‍റ് ടെസ്‌റ്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. സർക്കാര്‍ വിധിയെ ചോദ്യം ചെയ്യുമെന്നും മമത വ്യക്തമാക്കി. ബിജെപി നേതാക്കൾ ജുഡീഷ്യറിയിലെ ഒരു വിഭാഗത്തെയും വിധി ന്യായങ്ങളെയും സ്വാധീനിക്കുന്നതായും മമത ബാനർജി ആരോപിച്ചു.
മുൻ ജഡ്‌ജി അഭിജിത് ഗംഗോപാധ്യായ പ്രതികരിച്ചു
2016-ൽ റിക്രൂട്ട് ചെയ്‌ത അധ്യാപക-അനധ്യാപക ജീവനക്കാരെ റദ്ദാക്കാനുള്ള തന്‍റെ ഉത്തരവ് കൽക്കട്ട ഹൈക്കോടതിയുടെ വിധിയിൽ ന്യായീകരിക്കപ്പെട്ടതായി വിധിക്ക് തൊട്ടുപിന്നാലെ കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്‌ജി അഭിജിത് ഗംഗോപാധ്യായ പ്രതികരിച്ചു.
'ഞാൻ കുറച്ചുകാലമായി ജുഡീഷ്യറിയുടെ ഭാഗമായിരുന്നു. യഥാർത്ഥ ഉദ്യോഗാര്‍ഥികളെ പശ്ചിമ ബംഗാള്‍ ഭരണകൂടം ഇല്ലാതാക്കി. നിരാലംബരായ ഉദ്യോഗാര്‍ഥികളില്‍ എല്ലാ മത പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരുണ്ട്. അത് കൊണ്ടു തന്നെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ ഐക്യത്തോെട ബഹിഷ്കരിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.
യഥാർത്ഥ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും.'- ഗംഗോപാധ്യായ പറഞ്ഞു. ഈ വർഷം ആദ്യമാണ് ഗംഗോപാധ്യായ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചത്. നിലവില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
വിധിയെ അഭിനന്ദിച്ചു സുകാന്ത മജുംദാർ
സംസ്ഥാന സർക്കാരും ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസും അധ്യാപക ജോലികൾ വിറ്റ് അക്കാദമിക് മേഖലയെ എങ്ങനെ ദുഷിപ്പിച്ചുവെന്ന് ഈ വിധി തെളിയിക്കുന്നു എന്ന് പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പ്രതികരിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി മാത്രമാണ് ഇതിന് ഉത്തരവാദി. മുഴുവൻ പരാജയത്തിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് അവർ ഉടൻ രാജിവെക്കണമെന്നും മജുംദാർ പറഞ്ഞു.
വിധി അത്യന്തം നിർഭാഗ്യകരമെന്ന് കുനാൽ ഘോഷ്
ഡിവിഷൻ ബെഞ്ചിന്‍റെ തിങ്കളാഴ്ചത്തെ വിധി അത്യന്തം നിർഭാഗ്യകരമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. 'അന്യായമായ മാർഗത്തിലൂടെ ആര്‍ക്കെങ്കിലും ജോലി ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം.
എന്നാൽ മുഴുവൻ പാനലും റദ്ദാക്കിയത് അത്യന്തം ദൗർഭാഗ്യകരമാണ്. യോഗ്യത കൊണ്ട് ജോലി ഉറപ്പിച്ചവര്‍ എന്ത് തെറ്റ് ചെയ്‌തു? വിധിയുടെ നിയമ വശത്തെ കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിയമ വിദഗ്‌ധരാണ്.'- കുനാല്‍ ഘോഷ് പറഞ്ഞു.