ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരം യോഗ്യരായ അപേക്ഷകർക്ക് മുൻകാല പ്രാബല്യത്തോടെ ഇന്ത്യൻ പൗരത്വം നൽകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. അപേക്ഷകൻ ഇന്ത്യയിലെത്തിയ തീയതി മുതൽ തന്നെയുള്ള പൗരത്വമാകും ലഭ്യമാക്കുക എന്നും ഉദ്യോഗസ്ഥൻ അറിയിച്ചു (Citizenship with Retrospective Effect).
"അപേക്ഷകൻ്റെ ഇന്ത്യയിലേക്കുള്ള പ്രവേശന തീയതിയായിരിക്കും സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകുന്ന തീയതിയും. ഇത് 10 വർഷം മുമ്പോ 15 വർഷം മുമ്പോ 25 വർഷം മുമ്പോ ആകാം." ഉദ്യോഗസ്ഥർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തന്നെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ സജ്ജമായി. സിഎഎ-2019 ന് കീഴിൽ യോഗ്യരായ വ്യക്തികൾക്ക് ഈ പോർട്ടലിൽ പൗരത്വത്തിന് അപേക്ഷിക്കാം.
പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടയ്ക്കണം. അപേക്ഷിക്കാൻ സ്വന്തം മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണ്. ഇന്ത്യയിലുള്ളവർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കളക്‌ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷ സമർപ്പിക്കേണ്ടത് (Centre Launches New Portal To Apply For Indian Citizenship Under CAA).
അപേക്ഷ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും. ഇവർ നടത്തുന്ന പരിശോധനകൾക്കു ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകുക. അപേക്ഷകള്‍ സുഗമമാക്കുന്നതിന് 'CAA-2019' എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
Also Read: പൗരത്വ ഭേദഗതി വിജ്ഞാപനം : പോരാടാനുറച്ച് എൽഡിഎഫും യുഡിഎഫും
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ആറ് വിഭാഗക്കാർക്കായിരിക്കും പൗരത്വം ലഭിക്കുക. 31,000 പേർക്ക് പൗരത്വം നൽകേണ്ടിവരുമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്ക്. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം പൗരത്വം നൽകുമെന്നാണ് പോർട്ടലിൽ പറയുന്നത്.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ ലിസ്‌റ്റ്:
- പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കിയ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്.
- ഫോറിനേഴ്‌സ് റിജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അല്ലെങ്കില്‍ ഫോറിനേഴ്‌സ് രജിസ്ട്രേഷന്‍ ഓഫീസര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
- റസിഡന്‍ഷ്യല്‍ പെര്‍മിറ്റ്.
- അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സര്‍ക്കാര്‍ അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്.
- പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി അധികാരികള്‍ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്.
- ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ലൈസന്‍സ്, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്.
- പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭൂമി അല്ലെങ്കില്‍ വാടക രേഖകള്‍.