പശ്ചിമ ബംഗാള്‍: വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു. കേന്ദ്ര മന്ത്രി ശന്തനു താക്കൂർ ആണ് പൊതു വേദിയില്‍ വീണ്ടും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് കേന്ദ്ര മന്ത്രി ശന്തനു താക്കൂറിന്‍റെ പ്രഖ്യാപനം (Shantanu Thakur said that CAA will be implemented across India within 7 days).
ഞായറാഴ്‌ച (28/01/2024) പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്‌തായിരുന്നു ബിജെപി എംപിയുടെ പ്രഖ്യാപനം. "അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠ കഴിഞ്ഞു. ഇനി അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത് സിഎഎ നടപ്പിലാകും. ഇത് എന്‍റെ ഉറപ്പാണ്". ബംഗാളിൽ നിന്നുള്ള എംപി കൂടിയായ ശന്തനു താക്കൂർ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ മാതുവ സമുദായത്തിൽ നിന്ന് ബിജെപി ഗണ്യമായ വോട്ടുകൾ നേടിയിരുന്നു. പിന്നീട് ഇവര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടതിനെയും അദ്ദേഹം വിമര്‍ശിച്ചു.
"വോട്ടർ കാർഡും ആധാർ കാർഡും ഉണ്ടെങ്കിൽ നിങ്ങൾ പൗരനാണ്, നിങ്ങൾക്ക് വോട്ടുചെയ്യാം. എന്നാൽ ഇവിടെ ആയിരക്കണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ വോട്ടവകാശം നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി മമത മറുപടി പറയണമെന്നും ശന്തനു താക്കൂർ കൂട്ടിച്ചേര്‍ത്തു.
വോട്ട് നിഷേധിക്കപ്പെട്ടവർ മാതുവ സമുദായത്തിൽ നിന്നുള്ളവരും ബിജെപിയെ പിന്തുണയ്ക്കുന്നവരുമാണ്. ഇത് കൊണ്ടാണോ അവർക്ക് വോട്ടർ കാർഡ് നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു (Citizenship Amendment Act).
2019ൽ പൗരത്വ ഭേദഗതി ബിൽ നിയമമായെങ്കിലും രാജ്യത്ത് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാൻ കഴിയില്ലെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ സിഎഎ ചട്ടങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്രവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നത്.