ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി 2019 പ്രകാരം ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് തെളിയിക്കാന്‍ കാലാവധി കഴിഞ്ഞതോ കഴിയാത്തതോ അടക്കം ഒന്‍പത് രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതി. പാസ്‌പോര്‍ട്ടിന് പുറമെ തിരിച്ചറിയല്‍ കാര്‍ഡ്, ഭൂമി കൈവശാവകാശ രേഖകള്‍, തുടങ്ങിയവയും ഹാജരാക്കാവുന്നതാണ്.
അതു പോലെ തന്നെ ഇന്ത്യയിലെത്തിയ സമയം തെളിയിക്കാനായി വിസയുടെ പകര്‍പ്പോ ഇന്ത്യയിലെത്തിയ സമയത്തെ ഇമിഗ്രേഷന്‍ സ്റ്റാമ്പോ ഹാജരാക്കാവുന്നതാണ്. ഇതിന് പുറമെ 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാന്‍ പ്രാദേശിക ഭരണസമിതികളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോ റവന്യൂ ഉദ്യോഗസ്ഥരോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കും.
പ്രദേശത്തെ അംഗീകൃത മതസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റും പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ ഹാജരാക്കണം. അപേക്ഷകര്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍ മതങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നവരാണെന്നും ഇപ്പോഴും അതേ മതത്തില്‍ തന്നെ തുടരുന്നുവെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് കുടിയേറിയ മുസ്ലീം ഇതര വിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള നിയമം ഇന്നലെയാണ് രാജ്യത്ത് നടപ്പാക്കിയത്.
നിലവില്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചവരാണെന്നും ഇന്ത്യയെ തങ്ങളുടെ സ്ഥിരം വീടായി സ്വീകരിക്കാന്‍ ഒരുക്കമാണെന്നുമുള്ള സത്യവാങ്മൂലവും നല്‍കണം.
അഫ്‌ഗാനിസ്ഥാന്‍ , ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര ജനവിഭാഗങ്ങള്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍;
- സര്‍ക്കാരുകള്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ്,
- ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസറോ ഫോറിനേഴ്‌സ് രജിസ്ട്രേഷന്‍ ഓഫീസറോ നല്‍കിയ താമസാനുമതി പത്രം,
- രാജ്യങ്ങള്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ്,
- സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്,
- സ്‌കൂള്‍, കോളജ്, സര്‍വകലാശാല അധികൃതര്‍ നല്‍കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍
- മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ ഏതെങ്കിലും രാജ്യങ്ങളിലെ പൗരന്‍മാരായിരുന്നു എന്നതിന്‍റെ രേഖകള്‍,
- ഭൂമി ഉടമാവകാശ രേഖകള്‍,
- ഈ രാജ്യങ്ങളിലെ പൗരന്‍മാരാണ് എന്ന് തെളിയിക്കുന്ന അതത് സര്‍ക്കാരുകളുടെ എന്തെങ്കിലും രേഖകള്‍
ഇവയൊക്കെ കാലാവധി കഴിഞ്ഞതാണെങ്കിലും അംഗീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാന്‍ ഹാജരാക്കേണ്ട രേഖകള്‍:
- വിസ പകര്‍പ്പുകള്‍,
- ഇന്ത്യയിലെത്തിയപ്പോഴത്തെ ഇമിഗ്രേഷന്‍ സ്റ്റാമ്പ്,
- ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസറോ ഇന്ത്യയിലെ ഫോറിനേഴ്സ് രിജസ്ട്രേഷന്‍ ഓഫീസറോ നല്‍കിയ താമസരേഖ,
- സെന്‍സസ് എന്യുമറേറ്റര്‍മാര്‍ നല്‍കിയ സ്ലിപ്,
- സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ
- ഇന്ത്യയിലെ പെര്‍മിറ്റോ, ഡ്രൈവിംഗ് ലൈസന്‍സ്
- ആധാര്‍ കാര്‍ഡ്,
- റേഷന്‍ കാര്‍ഡ്
- സര്‍ക്കാരോ കോടതികളോ നല്‍കിയ ഔദ്യോഗിക സീലുള്ള കത്തുകള്‍
- ഇന്ത്യയുടെ ജനന സര്‍ട്ടിഫിക്കറ്റ്,
- ഭൂമിയുടെ ഉടമ,
- പാട്ടക്കരാറുകള്‍,
- അംഗീകൃത വാടകച്ചീട്ടുകള്‍
- പാന്‍കാര്‍ഡ്
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന രേഖകള്‍
- ബാങ്കുകള്‍ നല്‍കുന്ന അക്കൗണ്ട് വിവരങ്ങള്‍
- പോസ്റ്റ് ഓഫീസ് അക്കൗണ്ടു വിവരങ്ങള്‍
- ഇന്ത്യയില്‍ നല്‍കിയിട്ടുള്ള ഇന്‍ഷ്വറന്‍സ് പോളിസികള്‍
- വൈദ്യുതി ബില്ലുകള്‍
- തൊഴില്‍ രേഖകള്‍
- പ്രൊവിഡന്‍റ് ഫണ്ട് രേഖകള്‍
- തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന കച്ചവട ലൈസന്‍സുകള്‍,
- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഹാജരാക്കാവുന്നതാണ്.
Also Read: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി