താനെ: വിനോദയാത്രയ്ക്കിടെ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് (20-02-2024) സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ ഘാട്‌കോപ്പർ ഏരിയയിലെ തീം പാർക്കിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് ബസ് ജീവനക്കാരന്‍ വിദ്യാർഥികളോട് മോശമായി പെരുമാറിയത്.
യാത്രയ്ക്കിടയിൽ പ്രതി ചില പെൺകുട്ടികളുടെയും, ആൺകുട്ടികളുടെളെയും ശരീരത്തില്‍ മോശമായി സ്പർശിച്ചു. ലഘുഭക്ഷണം വിളമ്പാനെന്ന വ്യാജേനയാണ് പ്രതി ലൈംഗികമായി വിദ്യാർഥികളോട് പെരുമാറിയത് (Bus attendant held for sexually harassing students).
ബസ് ജീവനക്കാരന്‍റെ പ്രവര്‍ത്തിയെ തുടര്‍ന്ന് ചില വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് വിദ്യാർഥികൾ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്‌തു. തുടർന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു.
27കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി കപൂർബാവ്ഡി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജെ.പി. പാട്ടീൽ അറിയിച്ചു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 354 (ഏതെങ്കിലും സ്ത്രീയെ ആക്രമിക്കുകയോ, ബലപ്രയോഗം നടത്തുകയോ ചെയ്യുക), 354 എ (ലൈംഗിക പീഡനം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ ആക്‌ട്) എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.