നവി മുംബൈ : നവി മുംബൈയിൽ സൈബർ തട്ടിപ്പിനിരയായി ബിൽഡർ. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡറെ കബളിപ്പിച്ച് 60.6 ലക്ഷം രൂപയാണ് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്. ആൾമാറാട്ടം നടത്തിയാണ് പണം തട്ടിയെടുത്തെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 406, 419, 420, ഐ ടി വകുപ്പുകൾ തുടങ്ങിയവ പ്രകാരാമാണ് കേസെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാർച്ച് 6 ന് പരാതിക്കാരന്‍റെ ഓഫിസ് ഫോണിലേക്ക് ഒരു കോൾ വന്നാതാണ് തട്ടിപ്പിന്‍റെ തുടക്കം. ശേഷം ബിൽഡറുടെ വാട്‌സ്‌ആപ്പ് നമ്പർ കൈക്കലാക്കിയ തട്ടിപ്പുകാർ സന്ദേശം അയക്കുകയായിരുന്നെന്നും സീനിയർ ഇൻസ്‌പെക്‌ടർ ഗജാനൻ കദം പറഞ്ഞു. മറ്റൊരു ബിൽഡറാണെന്ന വ്യാജേന ഓൺലൈൻ ഇടപാട് നടത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി 60.6 ലക്ഷം ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഇര പണം കൈമാറുകയായിരുന്നു.
തട്ടിപ്പുകാർ നൽകിയ നിർദേശങ്ങൾ നേരിട്ട് പരിശോധിക്കാതെയാണ് ഇര പണം കൈമാറിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കേസിൽ അന്വേഷണം തുടരുകയാണ്. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.