സാംബ (ജമ്മു & കശ്‌മീര്‍) : സാംബ സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്. ഭീകരനെ വധിച്ച് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാംബയിലെ ഇന്ത്യ, പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ സംശയാസ്‌പദമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അതിര്‍ത്തി രക്ഷ സേന പരിശോധന നടത്തിയത്.
സേനയുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ അതിര്‍ത്തി കടന്ന ഇയാളെ വധിക്കുകയായിരുന്നു. മേഖലയില്‍ കൂടുതല്‍ പരിശോധന നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ചൈനയുടെ നിരീക്ഷണ ഡ്രോണ്‍ ബിഎസ്‌എഫ് കണ്ടെത്തിയിരുന്നു. ദാല്‍ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയ ഡ്രോണ്‍ മെതിയന്ത്രത്തില്‍ തട്ടി തകര്‍ന്ന നിലയിലായിരുന്നു.
അതിര്‍ത്തി വേലിക്കരികില്‍ രാവിലെ പട്രോളിങ് നടത്തുന്നതിനിടെ ചൊവ്വാഴ്‌ചയാണ് അതിര്‍ത്തി രക്ഷ സേന ഡ്രോണ്‍ കണ്ടെത്തിയത്. അതിര്‍ത്തി വേലിക്ക് സമീപമുള്ള ഗോതമ്പ് പാടത്തെ ഒരു മെതി യന്ത്രത്തിന് സമീപത്ത് നിന്ന് ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.
പരിശോധനയില്‍ ഡ്രോണ്‍ ചൈന നിര്‍മിതമാണെന്നും ഡിജെഐ മാവിസ് 3 ക്ലാസിക് കമ്പനിയുടേതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് അനധികൃത നിരീക്ഷണം നടത്തുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബിഎസ്എഫ് പറഞ്ഞു. മേഖലയില്‍ പരിശോധന ശക്തമനാക്കിയിട്ടുണ്ട്.