ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളില്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിർദേശം നല്‍കി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്.
'ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്. സാമൂഹിക വിരുദ്ധർ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. അതിർത്തി പ്രദേശങ്ങളിലൂടെ സംശയാസ്‌പദമായ നീക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ അതിർത്തികളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.'-ബിഎസ്എഫ് ഇൻസ്പെക്‌ടർ ജനറൽ സുർജിത് സിങ് ഗുലേരിയ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാവുന്ന ഏതെങ്കിലും നിർദ്ദിഷ്‌ട റൂട്ട് ബിഎസ്എഫ് തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് ചോദ്യത്തിന്, അതിർത്തിയിലുടനീളം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട് എന്നാണ് ഗുലേരിയ പറഞ്ഞത്. സാധാരണ നുഴഞ്ഞു കയറുന്ന വഴികളിലൂടെയൊക്കെ ഇവര്‍ നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാം. പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളില്ലെല്ലാം അത്തരം പോയിന്‍റുകള്‍ ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ടെന്നും ഗുലേരിയ പറഞ്ഞു.
അസമിൽ 262 കിലോമീറ്ററും ത്രിപുരയിൽ 856 കിലോമീറ്ററും മിസോറാമിൽ 318 കിലോമീറ്ററും മേഘാലയയിൽ 443 കിലോമീറ്ററും പശ്ചിമ ബംഗാളിൽ 2217 കിലോമീറ്ററും ഉൾപ്പെടെ 4,096 കിലോമീറ്റർ വരുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കാക്കാൻ ബിഎസ്എഫ് സജ്ജമാണെന്നും ഗുലേരിയ അറിയിച്ചു.
സമാനമായി, ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയായ ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവയിലൂടെ കടന്നുപോകുന്ന അന്താരാഷ്‌ട്ര അതിർത്തിയുടെ 2,289 കിലോമീറ്ററിലധികം വരുന്ന പ്രദേശത്തും ഞങ്ങള്‍ കാവൽ നിൽക്കുന്നുണ്ടെന്നും ഗുലേരിയ വ്യക്തമാക്കി.
പട്രോളിങ് ശക്തമാക്കാൻ ആന്‍റി ഡ്രോൺ യൂണിറ്റുകൾക്കും പ്രത്യേക നിർദ്ദേശങ്ങള്‍ നൽകിയതായി മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിർത്തിയിൽ കർശനമായ ജാഗ്രത പാലിക്കാൻ സേനകളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു
ഇന്തോ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസ്, ഇൻഡോ നേപ്പാൾ അതിർത്തിയില്‍ എസ്എസ്ബി, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തികളിലും ബിഎസ്എഫ്, ഇന്ത്യ-ചൈന അതിർത്തില്‍ ഐടിബിപി, തീരപ്രദേശമുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യൻ കോസ്‌റ്റ് ഗാർഡും കർശനമായ ജാഗ്രത ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിര്‍ദേശം നല്‍കി.
2023-ൽ പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 107 ഡ്രോണുകൾ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തുകയോ കണ്ടെടുക്കുകയോ ചെയ്‌തിട്ടുണ്ട് എന്നാണ് കണക്ക്. ഈ ഡ്രോണുകള്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച 442.39 കിലോഗ്രാം ഹെറോയിനും ബിഎസ്‌എഫ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബിൽ നിന്ന് 23 വ്യത്യസ്‌ത ആയുധങ്ങളും 505 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
Also Read : വെള്ളവും ബീഡിയും സിഗരറ്റും നേര്‍ച്ച അര്‍പ്പിക്കുന്ന യുദ്ധസ്‌മാരകം; ബിഎസ്എഫിന്‍റെ കീഴിലാണ് അപൂര്‍വ സ്‌മാരകം