ദേവനഹള്ളി(ബെംഗളുരു): താന്‍ തിങ്കളാഴ്‌ച വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകുമെന്ന് ബിഎസ് യെദ്യുരപ്പ പറഞ്ഞു. കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിശ്‌ചയിച്ച ഒരു പരിപാടിക്ക് താന്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനേഴിന് താന്‍ കോടതിയില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി ഇന്‍ജക്ഷനും ഇഷ്യു ചെയ്‌തിട്ടുണ്ട്.
അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിക്കരുത്. താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കാലം എല്ലാം തെളിയിക്കും. എന്താണ് യാഥാര്‍ത്ഥ്യമെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും.
മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോക്‌സോ കേസില്‍ ഇദ്ദേഹത്തിന് സിഐഡി അറസ്റ്റ് ഭീഷണി ഉണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവോടെ ഇത് ഒഴിഞ്ഞിരിക്കുകയാണ്.
എല്ലാ തെറ്റായ ആരോപണങ്ങളില്‍ നിന്നും തന്‍റെ പിതാവ് മോചിതനാകുമെന്ന് മകനും എംപിയുമായ ബിവൈ രാഘവേന്ദ്ര പറഞ്ഞു. ഒരു സ്‌ത്രീ തന്‍റെ വീട്ടിലേക്ക് അവരുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തി. പിന്നീട് അവര്‍ തന്‍റെ പിതാവിനെതിരെ പരാതിയുമായി വരുന്ന കാഴ്‌ചയാണ് കണ്ടത്. സംഭവം കുടുംബത്തിന് വലിയ വേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ജാമ്യം തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഞങ്ങളുടെ അഭിഭാഷകര്‍ കോടതിയെ സത്യം ബോധ്യപ്പെടുത്തും. രാഷ്‌ട്രീയമായി തങ്ങളെ അപമാനിക്കാന്‍ ഇത്തരം പല ആരോപണങ്ങളും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് നീതിയും ലഭിച്ചിട്ടുണ്ട്. ഇത്തവണയും എനിക്ക് അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. തന്‍റെ പിതാവ് ഈ ആരോപണത്തില്‍ നിന്നും രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതകാലം നീണ്ട പോരാട്ടങ്ങളിലൂടെ സംസ്ഥാനത്തിന് നീതി നല്‍കിയ ആളാണ് യെദ്യൂരപ്പ. ബിജെപിക്ക് ഏറെ കരുത്തുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയാണ് കര്‍ണാടക. അത് കൊണ്ട് തന്നെ അദൃശ്യ കരങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. കോടതി ഞങ്ങളെ സംരക്ഷിക്കും. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. യെദ്യൂരപ്പ ഇന്ന് വീട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഫെബ്രുവരിയിൽ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ മാർച്ച് 14 ന് സദാശിവനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പിന്നീട് കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. എന്നാൽ പരാതി നൽകിയ യുവതി അസുഖത്തെ തുടർന്ന് അടുത്തിടെ മരിച്ചു.