ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കുഴല്‍ കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ഇന്ന് (ഫെബ്രുവരി 7) പുലര്‍ച്ചെ 4 മണിയോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജാംനഗറിലെ ഗോവന ഗ്രാമത്തിലാണ് സംഭവം.
ചൊവ്വാഴ്‌ച (ഫെബ്രുവരി 6) വൈകിട്ട് ആറ് മണിയോടെയാണ് കുട്ടി കുഴല്‍ കിണറ്റില്‍ വീണത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അഗ്‌നി രക്ഷ സേന, എസ്‌ഡിആർഎഫ് (State Disaster Response Force (SDRF), എൻഡിആർഎഫ് (National Disaster Response Force (NDRF) സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പുലര്‍ച്ചെയോടെ കുഞ്ഞിനെ പുറത്തെടുത്തത്. കുഴല്‍ കിണറിന് പുറത്തെത്തിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ജാംനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
സമാന സംഭവം ജനുവരിയിലും : കഴിഞ്ഞ മാസം ആദ്യവും ഗുജറാത്തില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദ്വാരകയില്‍ കുഴല്‍ കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു. എയ്‌ഞ്ചല്‍ സഖ്ര എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കിണറിന് പുറത്തെത്തിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.